എഴു മാസത്തിനിടെ ജില്ലയില്‍ എച്ച്ഐവി സ്ഥിരീകരിച്ചത് 152 പേരില്‍
1374656
Thursday, November 30, 2023 6:53 AM IST
കൊച്ചി: കഴിഞ്ഞ ഏഴു മാസത്തിനിടെ ജില്ലയില്‍ 152 പേര്‍ക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ ലൈംഗീക തൊഴിലാളികളായ 70 പേരും 10 ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പ്രകാരമാണിത്. ജില്ലയില്‍ നിലവില്‍ എച്ച്ഐവി പോസിറ്റീവായ 1,255 പേര് ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
സംസ്ഥാനത്ത് ഏറ്റവും അധികം ആളുകള്‍ വന്നുപോകുന്നതും ലൈംഗിക തൊഴിലാളികള്‍ ഏറെയുള്ളതുമായി കണക്കാക്കപ്പെടുന്നതുമായ എറണാകുളം രോഗവ്യാപന കണക്കില്‍ 'ലോ റിസ്ക്' പട്ടികയിലാണെന്നത് ആശ്വാസകരമാണ്. എറണാകുളം ഉൾപ്പെടെ എട്ട് ജില്ലകളാണ് ഈ വിഭാഗത്തിലുള്ളത്. എച്ച്ഐവി രോഗ വ്യാപനം കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്.
രോഗബാധിതര്‍ കൂടുതല്‍ പാലക്കാടാണ്. തൊട്ടു പിന്നില്‍ തൃശൂരും. നാല് ജില്ലകളാണ് ഏറ്റവും താഴെയുള്ള വിഭാഗത്തിലുള്ളത്. കൂടുതല്‍ സ്ക്രീനിംഗ് നടക്കുന്നതിനാലാകാം പാലക്കാടും തൃശൂരും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്ക്കാന് കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്, ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നിവരില്‍ എച്ച്ഐവി അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലായാണ് വിലയിരുത്തല്‍.
3,972 പേര്‍ക്ക് രോഗം കണ്ടെത്തിയ 2007ലാണ് സംസ്ഥാനത്ത് ഏറ്റവും അധികം പേര് എച്ച്ഐവി പോസിറ്റീവായത്. 2006ല്‍ 3348 പേര്‍ക്കും വൈറസ് ബാധ സ്ഥിരിച്ചു.
പിന്നീട് മൂവായിരത്തിന് മുകളിലേക്ക് പ്രതിവര്‍ഷ കണക്ക് ഉയര്‍ന്നിട്ടില്ല. 95 ശതമാനം ടെസ്റ്റിംഗിലൂടെ 2025ല്‍ എച്ച്ഐവി അണുബാധ കേരളത്തില്‍ എല്ലാതാക്കാനുള്ള തീവ്ര യജ്ഞത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും.