വിദേശ ജോലി തട്ടിപ്പ്: ഒരാൾകൂടി പിടിയിൽ
1374655
Thursday, November 30, 2023 6:53 AM IST
കാക്കനാട്: പോളണ്ട്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ പോലീസ് പിടികൂടി.
വാഴക്കാല മൺപുരയ്ക്കൽ എമിൽ കെ. ജോണി(48)നെയാണ് തൃക്കാക്കര അസി. കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് പ്രതികൾ ഉദ്യോഗാർഥികളെ തട്ടിപ്പിനിരയാക്കിയത്.
കാക്കനാട് ആസ്ഥാനമായ ഈ സ്ഥാപനത്തിന്റെ പാർട്ണർമാരിൽ ഒരാളാണ് അറസ്റ്റിലായ എമിൽ. മതിയായ ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗാർഥികളുടെ പണം സ്വകാര്യ ആവശ്യങ്ങൾക്കായാണ് ചിലവഴിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
കേസിൽ എരുമേലി സ്വദേശിനി കുഴിപ്പറമ്പിൽ വീട്ടിൽ ധന്യാ ശ്രീധരൻ (35) നേരത്തെ അറസ്റ്റിലായിരുന്നു. പുല്ലുകാട് സ്വദേശി വെളിയിൽ വീട്ടിൽ പി.വി. ഷാലി(53)ക്കായി അന്വേഷണം തുടരുകയാണ്. ഉദ്യോഗാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരേ നിരവധി കേസുകൾ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.