പുതിയ നടപ്പാതയിൽ വൈദ്യുത പോസ്റ്റുകളും കേബിളുകളും നടക്കാൻ കഷ്ടപ്പാട്
1374654
Thursday, November 30, 2023 6:53 AM IST
ആലുവ: വിശാലമായ നടപ്പാത നിർമിച്ചിട്ടും വൈദ്യുത പോസ്റ്റുകളും കേബിളുകളും കുറുകെ നിൽക്കുന്നതിനാൽ കാൽനട യാത്രക്കാർ കഷ്ടപ്പാടിൽ. പോസ്റ്റുകളും കേബിളുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി ആലുവ ടൗൺ സെക്ഷനോട് പൊതുമരാമത്ത് രേഖാമൂലം ആവശ്യപ്പെട്ടിടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
കാൽനട യാത്രികർക്ക് സുരക്ഷയൊരുക്കുന്നതിന് പൊതുമരാമത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാത നവീകരിച്ചിട്ടും കാൽനടക്കാർക്ക് ഉപയോഗിക്കാനാകുന്നില്ല. നടപ്പാതയോട് ചേർന്ന് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുക്കുന്ന ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നതും യാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്.
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന നടപ്പാതയുടെ നവീകരണം മുനിസിപ്പൽ ഗ്രൗണ്ടിന് സമീപം ജവഹർ റോഡ് തുടങ്ങുന്നയിടം വരെ ആദ്യഘട്ടത്തിൽ പൂർത്തിയായതാണ്.
ജവഹർ റോഡിലാണ് നടപ്പാതയ്ക്ക് കുറുകെ പോസ്റ്റുകളും കേബിളുകളുമുള്ളത്. ഇതുമൂലം കാൽനട യാത്രികർ നടപ്പാതയിൽനിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങിവേണം മുന്നോട്ടു നടന്നുപോകാൻ.
ജവഹർ റോഡ് മുതൽ സീനത്ത് കവല വരെ ഒരു വശത്തും സീനത്ത് മുതൽ റെയിൽവേ സ്റ്റേഷൻ വരെ മറുവശത്തുമാണ് രണ്ടാംഘട്ട നടപ്പാത നവീകരണം ഉണ്ടാകുക. മൂന്നാം ഘട്ടമായി കെഎസ്ആർടിസി മുതൽ പമ്പ് കവല വരെ നിലവിലുള്ള നടപ്പാതകൾ ടൈൽ വിരിച്ച് സൗന്ദര്യവത്കരിക്കാൻ പൊതുമരാമത്ത് ടെൻഡർ നൽകിയിട്ടുണ്ട്. കൊച്ചി മെട്രോയും ആലുവ നഗരത്തിൽ നടപ്പാത നിർമിക്കുന്നുണ്ട്. ബാങ്ക് കവല, പാലസ് റോഡ്, പങ്കജം റോഡം, മാർക്കറ്റ് റോഡ് മേഖലയിലാണ് നടപ്പാതകൾ നവീകരിക്കുന്നത്.