നവകേരള സദസില്‍ ലഹരിമുക്ത കേരളം അജണ്ടയാക്കണം: കെസിബിസി
1374653
Thursday, November 30, 2023 6:53 AM IST
കൊച്ചി: നവകേരള സദസില്‍ ലഹരിമുക്ത കേരളം അജണ്ടയാക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ കലൂരില്‍ പ്രതിഷേധ ധര്‍ണ നടത്തി.
മദ്യവര്‍ജനം നയമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ മദ്യശാലകളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ച് കേരളത്തെ മദ്യാസക്ത കേരളമായി മാറ്റുകയാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനംമൂലം കേരളം ഭ്രാന്താലയമായി മാറി. ഒരു വശത്ത് മദ്യശാലകള്‍ അനുവദിക്കുകയും മറുഭാഗത്ത് മദ്യവര്‍ജനം പറയുകയും ചെയ്യുന്ന നയം ഇരട്ടത്താപ്പാണ്. മദ്യനയം സംബന്ധിച്ച് നവകേരള സദസില്‍ ജനഹിതം ആരായണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മദ്യവിമോചന സമരസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറമ്പേല്‍, കുരുവിള മാത്യൂസ്, ഹില്‍ട്ടണ്‍ ചാള്‍സ്, ഏലൂര്‍ ഗോപിനാഥ്, രാധ കൃഷ്ണന് കടവുങ്കല്‍, ഷൈബി പാപ്പച്ചന്, എം.എല്‍. ജോസഫ്, സിസറ്റര്‍ ആന്സില തുടങ്ങിയവര്‍ പ്രസംഗിച്ചു.