ആലുവയിൽ നിയമങ്ങളെ വെല്ലുവിളിച്ച് ഫ്ലക്സുകൾ
1374652
Thursday, November 30, 2023 6:53 AM IST
ആലുവ: ദേശീയപാതയിലെ ട്രാഫിക് സിഗ്നൽ പോസ്റ്റുകളെ പോലും വെറുതെ വിടാതെ ദേശീയപാതയിൽ നവകേരള പ്രചാരണ ബോർഡുകൾ വ്യാപകമായി. ഇതിന് പിന്നാലെ നഗരത്തിലെ പ്രധാന ട്രാഫിക് ഐലന്റുകൾ വരെ കൈയേറി വിവിധ സംഘടനകളുടെ ഫ്ലക്സ് ബോർഡുകളും നിരന്നു.
നഗരത്തിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് ഫ്ലക്സുകൾ സ്ഥാപിക്കുന്നത്. സർക്കാർ സംവിധാനം തന്നെ മുന്നിട്ടിറങ്ങി ജനസദസ് ബോർഡുകൾ വയ്ക്കുന്നതിനാൽ നഗരസഭയോ ട്രാഫിക് പോലീസോ ഇതിനെതിരെ കണ്ണടയ്ക്കുകയാണ്. ഇതിന്റെ മറവിൽ മറ്റ് പരിപാടികളുടെ വലിയ ബോർഡുകളും വ്യാപകമായിരിക്കുകയാണ്.
ഫ്ലക്സ് ബോർഡുകൾ ഉയർത്തുന്ന മറകൾ കാരണം വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് ബുദ്ധിമുട്ടേറെയും. യു ടേണുകളും വെറുതെ വിടുന്നില്ല. റോഡുകൾ കൈയേറി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് ഉത്തരവാദിത്വപ്പെട്ടവർ നിയന്ത്രിക്കണമെന്നും കോടതിവിധി നടപ്പാക്കണമെന്നും ആലുവ പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.