വയൽ പ്രദേശത്ത് സംരക്ഷണ ഭിത്തിയില്ല; തമ്മാനിമറ്റത്ത് അപകടങ്ങൾ പതിവ്
1374615
Thursday, November 30, 2023 2:13 AM IST
കോലഞ്ചേരി: കുടുംബനാട് കോലഞ്ചേരി റോഡിൽ തമ്മാനിമറ്റം പാടശേഖരത്തിനു സമീപം അപകടങ്ങൾ പെരുകുന്നു. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
നിർമാണ സമയത്ത് വളവുകൾ നിവർത്താൻ പാടശേഖരത്തിൽ ആവശ്യമായ സ്ഥലം വിട്ടു നൽകാൻ പരിസരവാസികൾ തയാറായില്ല. നിലവിലെ റോഡിൽ ആവശ്യമായ ക്രമീകരണമൊരുക്കാൻ കരാറുകാരും ഉദ്യോഗസ്ഥരും മെനക്കെട്ടതുമില്ല. ഇതാണ് പ്രദേശത്തെ അപകടമേഖലയാക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കൊട്ടാരക്കര സ്വദേശികൾ കല്യാണ വീട്ടിലേക്ക് പോകുമ്പോൾ സംരക്ഷണ ഭിത്തിയില്ലാത്ത റോഡിൽ നിന്ന് കാർ തെന്നിമാറി ചതുപ്പിൽ പതിച്ചു.
കാറിലെ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പാടശേഖരത്തോടു ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി വേണമെന്ന് നിർമാണ സമയത്ത് നാട്ടുകാർ ആവശ്യപ്പെട്ടത് കരാറുകാരൻ അവഗണിച്ചു.
പുഴയുടെ ഭാഗത്തു മാത്രമാണ് സംരക്ഷണ ഭിത്തിയുള്ളത്. ഒരു മാസം മുമ്പ് പാലയ്ക്കാമറ്റം റോഡ് സംഗമിക്കുന്ന ഭാഗത്ത് കാർ വീട്ടുമുറ്റത്തേക്ക് പതിച്ചിരുന്നു. രണ്ട് അപകടങ്ങളിലും ചെറിയ പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു.
ടിപ്പർ ലോറികൾ അടക്കം നൂറ് കണക്കിന് വാഹനങ്ങൾ നിത്യേന സഞ്ചരിക്കുന്ന റോഡിലെ അപകട വളവുകളിൻ സൂചനാ ബോർഡുകളും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ വേലികളും നിർമിച്ച് ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.