പരാജയവും വാശിയും ഓസ്കാർ അവാർഡ് ജേതാവിനെ സൃഷ്ടിച്ചു: റസൂൽ പൂക്കുട്ടി
1374610
Thursday, November 30, 2023 2:13 AM IST
കോതമംഗലം: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റർവ്യൂവിലുണ്ടായ പരാജയവും അതിലൂടെ ഉണ്ടായ വാശിയുമാണ് ഓസ്കാർ അവാർഡ് ജേതാവിനെ സൃഷ്ടിച്ചതെന്ന് ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി. ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടാകുന്പോൾ അനുഭവപ്പെടുന്ന വാശിയിൽ നിന്നും തീവ്രമായ ആഗ്രഹങ്ങളിൽ നിന്നും ഒരുപാട് അത്ഭുത പ്രതിഭാസങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ടെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
മാർ അത്തനേഷ്യസ് കോളജ് അസോസിയേഷന്റെ ഒരു വർഷക്കാലം നീളുന്ന സപ്തതി ആഘോഷ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നീരുറവയുടെ ഒഴുക്കും മഴപെയ്യുന്ന ശബ്ദവും ഉൾപ്പെടെ പ്രകൃതിയിൽ ഏറ്റവും സ്വാധീനിച്ച ശബ്ദം വെള്ളത്തിന്റേതാണ്. നിശബ്ദത ഒരനുഭവമാണ്. ശബ്ദമില്ലായ്മയല്ല ഏതൊരു കലാകാരനേയും സൃഷ്ടിക്കുന്നത് പ്രകൃതിയും ചുറ്റുപാടുകളുമാണ്. മാർ അത്തനേഷ്യസ് കാന്പസിലെ പച്ചപ്പും പ്രകൃതി രമണീയതയും ഏതൊരു വിദ്യാർഥിയേയും പ്രചോദിപ്പിക്കുന്നതാണെന്നും റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു.
മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. കോളജ് അസോസിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കോളജിലെ പൂർവ വിദ്യാർഥിയും സിനിമാ സംവിധായകനുമായ കെ.എം. കമൽ ആമുഖ പ്രഭാഷണം നടത്തി. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത ജോർജ്, മരിയ സിജു എന്നിവർ പ്രസംഗിച്ചു. ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കൂട്ടിയേയും കോളജിലെ പൂർവ വിദ്യാർഥിയും സിനിമാ സംവിധായകനുമായ കമലിനേയും ചടങ്ങിൽ മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആദരിച്ചു.
മൈം മത്സരത്തിൽ ചങ്ങനാശേരി ക്രിസ്തുജ്യോതി എച്ച്എസ്എസ് ഒന്നാം സ്ഥാനവും, മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും, വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.