ദേശീയപാത വികസനം അരൂർ വില്ലേജ് ഓഫീസ് പൊളിക്കുമെന്ന് ആശങ്ക
1374132
Tuesday, November 28, 2023 2:32 AM IST
അരൂർ: വില്ലേജ് ഓഫീസ് കെട്ടിടം ദേശീയപാത വികസനത്തിൽ ഇല്ലാതാകുമെന്ന് ആശങ്ക. അരൂർ ക്ഷേത്രത്തിന്റെ വടക്കുവശം ദേശീയപാതയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് സ്വന്തമായ കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന അരൂർ വില്ലേജ് ഓഫീസ് ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടി വരുമെന്ന ആശങ്കയിൽ റവന്യൂ വകുപ്പ്. 30 വർഷത്തിലേറെയായി അരൂർ ഓഫീസ് ഇവിടെ നിർമിച്ചിട്ട്.
വില്ലേജ് ഓഫീസിനോട് ചേർന്ന് കിടക്കുന്ന സ്ഥലവും റവന്യൂ പുറമ്പോക്കാണ്. ഈ സ്ഥലത്തിന്റെ കുറച്ചുഭാഗം റോഡ് വികസനത്തിന് എടുക്കുമെന്ന് അറിയുന്നു. ദേശീയപാതയ്ക്ക് അരികിലുള്ള വില്ലേജ് ഓഫീസിന്റെ സമീപത്തുള്ള സ്ഥലം സമീപത്തെ വീട്ടുകാർക്ക് വഴിയാവശ്യത്തിന് വിട്ടുകൊടുക്കുകയും വഴിക്ക് നൽകിയ സ്ഥലത്തിന് പകരം വില്ലേജ് ഓഫീസിന് കുറച്ചുകൂടി സ്ഥലം വീട്ടുകാർ വിട്ടുനൽകുകയും ചെയ്താൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പഞ്ചായത്ത് അധികാരികളും ഇക്കാര്യം കൂടിയാലോചന നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരിമിതമായ സൗകര്യങ്ങളിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കേണ്ടിവരും.