സ്നേഹിച്ചു മതിയാകാതെ സാറ മടങ്ങി...
1373779
Monday, November 27, 2023 2:17 AM IST
താമരശേരി: പഠനത്തിലും കലാരംഗത്തുമെല്ലാം മിടുക്കിയായിരുന്ന മകളില്‍ വലിയ പ്രതീക്ഷയിലായിരുന്നു സാറയുടെ മാതാപിതാക്കളും സഹോദിമാരും. കളിചിരികളുമായി മകളെത്തുന്നത് കാത്തിരിക്കുമ്പോഴാണു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തവാര്‍ത്തയെത്തിയത്.
നാടിനു നഷ്ടമായത് ഒരു വിദ്യാര്ഥിപ്രതിഭയെയാണ്. താമരശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ സാറ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സമർഥയായിരുന്നു.
സ്കൂളിലെ ആഘോഷ പരിപാടികളിലെല്ലാം നിറഞ്ഞുനിന്ന സാറ മികച്ച സംഘാടകവൈഭവമുള്ള വിദ്യാര്ഥിനികൂടിയായിരുന്നു. നൃത്തം, ചിത്രകല, സംഗീതം എന്നിവയിലെല്ലാം കഴിവു തെളിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ്വരെ അല്‍ഫോന്‍സ സ്കൂളിൽ പഠിച്ച സാറ, 2022-ല്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി കുസാറ്റില്‍ ബിടെക് ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷന്‍സ് എടുത്ത് പഠിക്കുകയായിരുന്നു.
കഴിഞ്ഞ പൂജാ അവധിക്കാണ് അവസാനമായി വീട്ടിലെത്തിയത്. അന്ന് താന്‍ പഠിച്ച സ്കൂളിലും സഹപാഠികളുടെ വീടുകളിലുമെത്തി സ്നേഹം പങ്കിട്ടാണു സാറ മടങ്ങിയത്. ഇന്നലെ വൈകുന്നേരം മൂന്നരയ്ക്ക് അല്‍ഫോന്‍സ സ്കൂളില്‍ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഒരു നോക്കുകാണാന്‍ മുഖ്യമന്തിയും സാറയുടെ സാഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനു പേരാണ് എത്തിച്ചേര്‍ന്നത്.
രാത്രി ഏഴരയോടെ താമരശേരി തൂവ്വക്കുന്നിലെ വീട്ടിലേക്കു മാറ്റിയ മൃതദേഹം ഇന്ന് രാവിലെ 10.30ന് പുതുപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.