അതുല്‍ തമ്പിക്ക് നാടിന്റെ യാത്രാമൊഴി
1373767
Monday, November 27, 2023 2:17 AM IST
കൂത്താട്ടുകുളം: കുസാറ്റ് ദുരന്തത്തിൽ മരിച്ച അതുല്‍ തമ്പിക്ക് നാടിന്റെ യാത്രാമൊഴി. വീട്ടുകാരുടെ പ്രതീക്ഷയായിരുന്ന അതുലിന്റെ ചേതനയറ്റ ദേഹം വീട്ടിലെത്തിച്ചതോടെ ദു:ഖം അണപൊട്ടിയൊഴുകി.
അതുലിനെ അവസാനമായി കാണാന്‍ നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളുമടക്കം ആയിരങ്ങള്‍ വീട്ടുമുറ്റത്ത് തടിച്ചുകൂടി. ഭവനത്തിലെ പ്രാര്‍ഥനാ ശുശ്രൂഷയ്ക്ക് ശേഷം വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിച്ചു.
കുസാറ്റിൽ ടെക്ഫെസ്റ്റിനുശേഷം ഒരുക്കിയ ഗാനമേള തുടങ്ങുംമുന്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് ശനിയാഴ്ച മരിച്ച അതുൽ തന്പിയുടെ പോസ്റ്റുമോര്‍ട്ടം ഇന്നലെ പൂർത്തിയാക്കി.
തുടർന്ന് കുസാറ്റ് കോളജിൽ പൊതുദര്‍ശനത്തിനു വച്ചു. അതിനുശേഷം ഇന്നലെ ഉച്ചയോടെയാണ് കൂത്താട്ടുകുളം കിഴകൊമ്പിലെ കൊച്ചുപാറയില്‍ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്.
കുസാറ്റിലെ ദുരന്ത വാര്‍ത്ത അറിഞ്ഞ ഉടന്‍ അതുലിനെ പിതാവ് തമ്പി വിളിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ല. തുടര്‍ച്ചയായ ശ്രമത്തിനിടെ അതുലിന്റെ സഹപാഠി ഫോണ്‍ എടുത്തെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല.
തുടര്‍ന്ന് അതുലിന്റെ സഹോദരനെ വിളിച്ച് പിതാവ് തമ്പി വിവരം അറിയിക്കുകയായിരുന്നു. കുസാറ്റിലെ ഫെസ്റ്റിനുശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കേയായിരുന്നു ദുരന്തം. കുസാറ്റില്‍ ബിടെക് സിവില്‍ എൻജിനീയറിംഗിൽ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അതുല്‍. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കര്‍ഷക കുടുംബമാണ് അതുലിന്റെത്.
മാതാവ് ലില്ലി പൊതുമരാമത്ത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു. സഹോദരന് അജിന് തമ്പി കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരനാണ്.
കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി, അനൂപ് ജേക്കബ് എംഎല്‍എ, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, നഗരസഭാധ്യക്ഷ വിജയ ശിവന്, വൈസ് ചെയര്മാന് സണ്ണി കുര്യാക്കോസ്, കുസാറ്റ് വൈസ് ചാന്‍സലര്‍ പി.വി. ശങ്കരന്, മൂവാറ്റുപുഴ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് തുടങ്ങി നിരവധി പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.