ആയവന വലിയകണ്ടത്തിൽ നെൽകൃഷിക്ക് തുടക്കം
1373765
Monday, November 27, 2023 2:16 AM IST
മൂവാറ്റുപുഴ: താലൂക്ക് നാഷണൽ എൻജിഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു.ആയവന എസ്എൻഡിപി ജംഗ്ഷന് സമീപം വലിയകണ്ടം പാടശേഖരത്തിൽ ഇൻഫാമിന്റെയും, മഹാത്മാഗാന്ധി സർവകലാശാലയുടെ ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററിന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കുന്നത്.
കാർഷിക പാരന്പര്യ കുലത്തൊഴിൽ മേഖലകളിലുള്ളവർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വിവിധ ബാങ്കുകളുമായി സഹകരിച്ച് കർഷകരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രാഥമിക ഘട്ടത്തിൽ എട്ട് ഏക്കറിൽ കൃഷി ആരംഭിച്ചത്.
വരുംനാളുകളിൽ വിവിധ കർഷക കൂട്ടായ്മകളുടെ സഹകരണത്തോടെ കാർഷിക വിളകളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ, മൂല്യവർധിത ഉത്പന്നങ്ങൾ ഇവയുടെ നിർമാണവും വിപണവും അഗ്രി ഫാം, അഗ്രി ടൂറിസം എന്നീ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കാൻ നാഷണൽ എൻജിഒ കോണ്‍ഫെഡറേഷൻ മൂവാറ്റുപുഴ താലൂക്ക് വിവിധ കർമപദ്ധതികൾ തയാറാക്കി വരുന്നു.
റിട്ട. ജസ്റ്റിസ് സി.വി. ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട് അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോർഡ് ഇടുക്കി ജില്ല മുൻ ഓഫീസർ ഡോ. സാബു വർഗീസ്, ക്ലീൻ മൂവാറ്റുപുഴ ചീഫ് കോർഡിനേറ്റർ ഡോ. സി.ആർ. കമ്മത്ത് എന്നിവർ പ്രസംഗിച്ചു. എംജി യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രഫ. ഡോ കെ.ജെ. കുര്യൻ, ആയവന പഞ്ചായത്തംഗങ്ങളായ ജയിംസ് ജോഷി, പി.ആർ. രമ്യ, കൃഷി ഓഫീസർ ഡിക്സണ്‍, അസിസ്റ്റന്റ് ഓഫീസർ ശ്രീജ, എൻജിഒ കോണ്‍ഫെഡറേഷൻ പ്രതിനിധികളായ കെ.വി. ബിനീഷ് കുമാർ, ദീപു ജേക്കബ്, തോമസ് മാത്യു, എലിസബത്ത് ഇലഞ്ഞിക്കൽ, ജോംസി തോമസ്, ജൈവ പച്ചക്കറി കൃഷി വിദഗ്ധൻ കെ.വി.എസ്. മണി, പദ്ധതി ചീഫ് കോർഡിനേറ്ററും, നെൽകൃഷി മേൽനോട്ട ഭാരവാഹിയുമായ ജോബിഷ് തരണി തുടങ്ങിയവർ പങ്കെടുത്തു.