ബധിര കായികമേളയിൽ മെഡൽ തിളക്കവുമായി അസീസി ബധിര വിദ്യാലയം
1373758
Monday, November 27, 2023 2:16 AM IST
മൂവാറ്റുപുഴ: കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന 27-ാമത് സംസ്ഥാന ബധിര കായികമേളയിൽ മെഡൽ തിളക്കത്തിൽ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര വിദ്യാലയം. സംസ്ഥാന ബധിര കായിക മേളയിൽ എറണാകുളം ജില്ലക്ക് വേണ്ടി അസീസി ബധിര വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
നാല് ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളും ഉൾപ്പെടെ എട്ടുപേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എം.ടി. അഭിരാമി 100, 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും ലോംഗ് ജന്പിൽ രണ്ടാം സ്ഥാനവും, ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഷോട്ട്പുട്ടിൽ മുഹമ്മദ് മുബാറക് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 14 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആൽഫി ടോമി ഹൈജന്പിൽ ഒന്നാം സ്ഥാനവും, ഷാലറ്റ് ഷിബു 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും, 600 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും നേടി.
അക്ഷിത അനീഷ് ലോംഗ് ജന്പിൽ മൂന്നാം സ്ഥാനവും, ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ജോസുകുട്ടി ജോബി ലോംഗ് ജന്പിൽ ഒന്നാം സ്ഥാനവും, ആർ. ദിവാകർ ഹൈജന്പ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും നവീൻ പ്രസാദ് 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കായികാധ്യാപിക ഷൈനി ഷാജിയുടെ നേതൃത്വത്തിൽ സിസ്റ്റർ നമിത, നീന ലിന്റോ, പി.എസ്. അജീഷ് എന്നിവരാണ് കുട്ടികളെ മത്സരത്തിനായി ഒരുക്കിയത്.