സിബിഎസ്ഇ സംസ്ഥാന കലോത്സവം: അപ് അപ് തൃശൂര്‍,സ്കൂളുകളില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ്
1373498
Sunday, November 26, 2023 2:55 AM IST
കാലടി: കാലടിയില്‍ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ തൃശൂര്‍ സഹോദയ മുന്നിൽ. 679 പോയിന്റോടെയാണ് തൃശൂരിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള കൊച്ചി മെട്രോ സഹോദയയ്ക്ക് 621 പോയിന്റാണുള്ളത്. മലബാര്‍ സഹോദയ 612 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

കാലടി ശ്രീ ശാരദാ വിദ്യാലയത്തില്‍ നടക്കുന്ന കലോത്സവത്തിലെ സ്കൂള്‍ വിഭാഗത്തില്‍ 82 പോയിന്റുകളോടെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനത്തുണ്ട്. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂള്‍ 58 പോയിന്റോടെ രണ്ടും, മാനന്തവാടി ഹില്‍ ബ്ലൂംസ് (42), സുല്‍ത്താന്‍ ബത്തേരി ഗ്രീന്‍ഹില്‍സ് പബ്ലിക് ഹൈസ്കൂള്‍ (36) സ്കൂളുകള്‍ മൂന്നും സ്ഥാനങ്ങളില്‍ മുന്നേറുകയാണ്. ഇന്ന് 34 ഇനങ്ങളില്‍ മത്സരങ്ങളുണ്ട്.
വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ചലച്ചിത്ര താരം രജീഷ വിജയന് ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാന് എംപി അധ്യക്ഷത വഹിക്കും
മാര്‍ഗംകളി ഹൗസ്ഫുള്
കാലടി: സിബിഎസ്ഇ കലോത്സവത്തില്‍ ഗ്രൂപ്പ് ഇനങ്ങളില്‍ കൂടുതല്‍ ടീമുകളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധ നേടി മാര്‍ഗം കളി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 27 വിദ്യാലയങ്ങളാണ് മാര്‍ഗംകളി മത്സരത്തില്‍ പങ്കെടുത്തത്. എല്ലാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു വിധികര്‍ത്താക്കളും കാണികളും അഭിപ്രായപ്പെട്ടു. പുതുമകള്‍ക്കായി ചിലര്‍ മാര്‍ഗംകളിയില്‍ പാട്ടിലും ചുവടിലും പുതുപരീക്ഷണങ്ങള്‍ നടത്തിയതും വേദിയില്‍ കണ്ടു.
പരീക്ഷകള്‍ക്കിടയിലും പരശീലനത്തിനും മത്സരത്തിനും സമയം മാറ്റിവയ്ക്കുന്നത് മാര്‍ഗംകളി എന്ന കലയോടുള്ള സ്നേഹവും ആഭിമുഖ്യവുമാണു വ്യക്തമാക്കുന്നതെന്നു അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
സിംഗിള്‍ ഇനങ്ങളില്‍ ലളിതഗാനത്തിലായിരുന്നു അധികം പേര് മാറ്റുരച്ചത്. ഹൈസ്കൂള്‍ വിഭാഗം മലയാളം ലളിതഗാന മത്സരത്തില്‍ 52 പേര് പാടാനെത്തി. നൃത്ത ഇനങ്ങളിലും പങ്കാളിത്തം കുറഞ്ഞില്ല. ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ 51 പേരാണു പങ്കെടുത്തത്. കുച്ചിപ്പുടി, ഭരതനാട്യം, തത്സമയ പ്രസംഗം, പോസ്റ്റര്‍ ഡിസൈനിംഗ് തുടങ്ങിയ ഇനങ്ങളിലും നാല്പതിലധികം പേര് പങ്കെടുത്തു.
നന്ദകൃഷ്ണന് എന്ന സ്റ്റോറി റൈറ്റര്‍
കാലടി: കുട്ടിക്കാലം മുതലേ കഥകളെയും കവിതകകളെയും നെഞ്ചേറ്റിയ, എം.ടി. വാസുദേവന്‍ നായരെ ഇഷ്ട എഴുത്തുകാരനായി ഹൃദയത്തിലേറ്റിയ നന്ദകൃഷ്ണന് സിബിഎസ്ഇ കലോത്സവത്തില്‍ കഥയെഴുതി ഒന്നാം സ്ഥാനത്ത്. കാറ്റഗറി മുന്നില്‍ "നിഴല്‍ രൂപങ്ങള്‍' എന്ന വിഷയത്തിലാണ് കൊച്ചിന് റിഫൈനറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി നന്ദകൃഷ്ണന് കഥയെഴുതിയത്.

മാതൃസ്നേഹത്തിന്റെ മാധുര്യം ചാലിച്ചെഴുതിയതാണു തന്റെ കഥയെന്നു നന്ദുകൃഷ്ണന്. "മകന്റെ ഏതാവശ്യത്തിനും ആ അമ്മ വിളിപ്പുറത്തുണ്ടാകും. എന്നാല്‍ മുഖത്തും ശരീരത്തിലും പൊളളിയ പാടുകളുമായി അവന്റെ സൗന്ദര്യ സങ്കല്പങ്ങള്ക്ക് പുറത്ത് നില്‍ക്കുകയാണ് ആ അമ്മ. കൂട്ടുകാരോട് അതാണ് തന്റെ അമ്മയെന്ന് പറയാനും അവന് മടിയാണ്. എന്നാലും നിഴല്‍ പോലെ ആ അമ്മ അവന്റെ കൂടെയുണ്ടായിരുന്നു... നന്ദുവിന്റെ കഥ തുടരുന്നു.
കവി കൂടിയായ പിതാവ് എം. വരുണാണ് നന്ദകൃഷ്ണന് വായനയില്‍ വഴികാട്ടി. സ്കൂളില്‍ ഏറെ സമയം ലൈബ്രറിയില്‍ ചെലവഴിക്കുന്നതു പതിവുള്ള നന്ദകൃഷ്ണനു എഴുത്തില്‍ മികച്ച ഭാവിയുണ്ടെന്ന് അധ്യാപകരും പറയുന്നു. പ്രസംഗത്തിലും കൊച്ചുകഥാകാരന് മികവറിയിച്ചിട്ടുണ്ട്.
താരപുത്രന് ബാന്‍ഡ് ലീഡര്‍
കാലടി: സിബിഎസ്ഇ കലോത്സവ നഗരിയിലെ ഫുട്ബോള്‍ ടര്‍ഫില്‍ പൊരിവെയിലിന്റെ അകമ്പടിയോടെ ബാന്‍ഡ്മേള മത്സരം ആരവം തീര്‍ക്കുമ്പോള്‍ കാഴ്ചക്കാരുടെ കണ്ണുകള്‍ തേടിയത് ഒരു ബാന്‍ഡ് ടീം ലീഡറെയായിരുന്നു... നടിയും നര്‍ത്തകിയുമായ നവ്യ നായരുടെ മകന് സായ് കൃഷ്ണയെ. താരപുത്രനെന്ന തലപ്പൊക്ക ഭാരമേതുമില്ലാതെ സായ് ബാന്‍ഡ് മത്സരം അടിപൊളിയാക്കി. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിന്റെ 21 പേരുള്ള ബാന്‍ഡ് ടീമിന്റെ ലീഡറാണ് ഏഴാം ക്ലാസുകാരനായ സായ്.

മകന്റെ ബാന്‍ഡ് പ്രകടനം കാണാന്‍ അമ്മ നവ്യക്ക് എത്താനായില്ലെങ്കിലും മത്സരത്തിനു മുന്‍പ് അധ്യാപികയുടെ ഫോണിലേക്കു വിളിച്ചു ആശംസകള്‍ നേര്‍ന്നു.
ഓസ്കര് നേടിയ നാട്ടു നാട്ടു ഉള്‍പ്പടെ അഞ്ചു ഗാനങ്ങളാണ് സായിയും സംഘവും അവതരിപ്പിച്ചത്. ജോണി മാസ്റ്ററാണ് പരിശീലകന്. നേരത്തെ കൊച്ചി കപ്പല്‍ശാല നടത്തിയ ബാന്‍ഡ് മത്സരത്തില്‍ സായിയും സംഘവും ഒന്നാം സ്ഥാനം നേടിയിരുന്നു. ഭരതനാട്യം പരിശീലിക്കുന്ന സായിയുടെ ഗുരു അമ്മ നവ്യ തന്നെ. നവ്യയുടെ പടമുകളിലുള്ള മാതംഗി നൃത്ത വിദ്യാലയത്തിലാണ് പരിശീലനം. പിതാവ് സന്തോഷ് മുംബൈയിലാണ്
മിമിക്രിയില്‍ വൈകാശി സൂപ്പര്‍
കാലടി: മുപ്പതോളം വൈവിധ്യമാര്‍ന്ന ശബ്ദങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു വൈകാശി മിമിക്രി വേദിയില്‍ താരമായി. കാറ്റഗറി മൂന്നില്‍ മിമിക്രി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ എസ്.എസ്. വൈകാശിയുടെ ഗുരു മിമിക്രി കലാകാരന് തന്നെയായ പിതാവ് സുധന് കൈവേലിയാണ്.
പ്രളയത്തിന് മുമ്പുള്ള കേരളത്തെക്കുറിച്ചുള്ള ആവിഷ്കാരത്തില്‍ നിന്നാണ് വൈകാശി മിമിക്രി ആരംഭിച്ചത്. പിന്നീട് പ്രളയത്തിലൂടെയും കോവിഡിലൂടെയും സഞ്ചരിച്ച് ദുരന്തമുഖങ്ങളില്‍ നഷ്ടപ്പെട്ട പ്രമുഖരെയും അവതരിപ്പിച്ചു. അവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി വിവിധ ഗായകര്‍ ചേര്‍ന്നു നടത്തിയ മ്യൂസിക് ഷോയുടെ അനുകരണം കൂടിയായതോടെ സദസില്‍ കൈയടികള്‍ ഉയര്‍ന്നു.
പത്താം വയസിലാണ് വൈകാശി ശബ്ദാനുകരണം പരീക്ഷിച്ചത്. വൈക്കം വിജയലക്ഷ്മിയുടെ ശബ്ദമാണ് ആദ്യം അനുകരിച്ചതെന്ന് സുധന് ഓര്‍ക്കുന്നു. മകള്‍ക്ക് മിമിക്രിയില്‍ അഭിരുചിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രോത്സാഹനം നല്‍കുകയായിരുന്നു. സ്കൂള്‍ അധ്യാപകന് കൂടിയായ സുധന് വണ്‍സ് അപ്പോണ്‍ എ ടൈം, കോമഡി മാസ്റ്റേഴ്സ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയനാണ്.
വേദികളില്‍ ഇന്ന്
വേദി 1: ഒപ്പന, സമാപന സമ്മേളനം. വേദി 2: ഭരതനാട്യം (പെണ്). വേദി 3: ഭരതനാട്യം (ആണ്), മോഹിനിയാട്ടം(പെണ്).
വേദി 4: അറബിക് പദ്യപാരായണം, കോല്‍ക്കളി. വേദി 5: മൈം, മോണോ ആക്ട്. വേദി 6: നാടോടിനൃത്തം.
വേദി 07: സംസ്കൃത പദ്യപാരായണം. വേദി 8: മോണോ ആക്ട്. വേദി 9: ഓട്ടന്‍ തുള്ളൽ. വേദി 10: ഹിന്ദി പദ്യപാരായണം. വേദി 11: അറബിക് പദ്യപാരായണം.
വേദി 12: മാപ്പിളപ്പാട്ട്. വേദി 13: മാപ്പിളപ്പാട്ട്. വേദി 14: സംസ്കൃത പദ്യപാരായണം. വേദി 15: തബല. വേദി 25: പുല്ലാങ്കുഴല്‍. വേദി 26: വയലിന്. വേദി 27: ഡിജിറ്റല്‍ പെയിന്റിംഗ്. വേദി 28: വയലിന്