പാർക്കിംഗ് ഗ്രൗണ്ടിനു പിന്നിൽ ഉപേക്ഷിച്ച ബൈക്ക് കൂമ്പാരം
1373497
Sunday, November 26, 2023 2:55 AM IST
ആലുവ: റെയിൽവേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിംഗ് ഗ്രൗണ്ടിൽ 30 ഓളം ബൈക്കുകൾ ഉടമസ്ഥരില്ലാതെ ഉപേക്ഷിച്ച നിലയിൽ. സ്ഥലസൗകര്യത്തിനായി അധികൃതർ ഇവ പിന്നിലേക്ക് നീക്കിയതോടെ വള്ളിപ്പടർപ്പുകൾ വളർന്ന് ജീർണാവസ്ഥയിലായിരിക്കുകയാണ് ഈ ബൈക്ക് കൂന്പാരം.
ദിനംപ്രതി നൂറുകണക്കിന് ബൈക്കുകൾ വന്നുപോകുന്ന ആലുവ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ ഉടമസ്ഥരില്ലാത്ത ബൈക്കുകളുടെ എണ്ണം കൂടിവരികയാണ്. മാസങ്ങളോളം ഇരുന്ന് കഴിയുമ്പോൾ വെയിലും മഴയും കാരണം പലതും തുരുന്പെടുക്കും. എന്നിട്ടും ഉടമസ്ഥരെ കാണാതാകുമ്പോൾ റെയിൽവേ ക്വാർട്ടേഴ്സ് വളപ്പിലേക്കാണ് ബൈക്കുകൾ നീക്കുന്നത്. ഒന്നിനു മേൽ ഒന്ന് വീണ് ബൈക്കുകളുടെ കൂമ്പാരമായിരിക്കുകയാണിവിടെ. പാർക്കിംഗ് സ്ഥലം ഇല്ലാതെ വന്നാൽ വരുമാനം കുറയുമെന്നതിനാലാണ് ഇവിടെനിന്ന് ഒഴിവാക്കുന്നതെന്ന് ജീവനക്കാരും പറയുന്നു.
ഉടമസ്ഥരില്ലാത്ത ബൈക്കുകളിൽ ഭൂരിഭാഗവും മോഷ്ടിക്കപ്പെട്ടവയാണെന്നാണ് കരുതുന്നത്. ചിലതിന്റെ നന്പർ പ്ലേറ്റ് വ്യാജമാണ്. ക്വാർട്ടേഴ്സ് വളപ്പിലല്ലാതെ പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തായും ഇനിയും ഇരുചക്രവാഹനങ്ങൾ തുരുന്പെടുത്ത് കിടക്കുന്നുണ്ട്.