ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
1373495
Sunday, November 26, 2023 2:55 AM IST
ചെറായി: ഓടിക്കൊണ്ടിരുന്ന കാലിത്തീറ്റ ലോറിക്ക് തീപിടിച്ച് കാബിൻ പൂർണമായും കത്തിനശിച്ചു. വെള്ളമടിച്ച് തീ കെടുത്തിയതിനെത്തുടർന്ന് ലോറിയിൽ മുക്കാൽ ഭാഗത്തോളം ഉണ്ടായിരുന്ന കാലിത്തീറ്റ നശിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ചെറായി പാലത്തിൽ വച്ചായിരുന്നു സംഭവം. കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് വൈപ്പിൻ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. തീയും പുകയും കണ്ട് മറ്റു വാഹനങ്ങളിലുളളവർ അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ഷിനു, സഹായി എന്നിവർ ഇറങ്ങിയോടിയതിനാൽ അപകടം ഒഴിവായി.
പറവൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ വി.ജി. റോയ്, അസി. സ്റ്റേഷൻ ഓഫീസർ കെ.എൻ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ലോറിയുടെ ബാറ്ററിക്ക് ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് തീപിടിത്തത്തിനു കാരണമായതെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ചു.