കൃഷി ഫാമിന്റെ സ്ഥലം മറ്റാവശ്യത്തിന് ഉപയോഗിക്കരുത്: കെ.പി. രാജേന്ദ്രൻ
1373489
Sunday, November 26, 2023 2:55 AM IST
കോതമംഗലം: സംസ്ഥാനത്തെ കൃഷി ഫാമുകളിലെ ഒരു സെന്റ് സ്ഥലം പോലും മറ്റു വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ പാടില്ലെന്നും വരുന്ന തലമുറക്കായി ഫാമുകൾ നിലനിൽക്കണമെന്നും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ.
നേര്യമംഗലം നിള ഓഡിറ്റോറിയത്തിൽ നടന്ന അഗ്രികൾച്ചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ ഓഫ് കേരള (എഐടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ വേതനമടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാർ നയവ്യതിയാനം നടത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ ഫ്ളോർ വേജ് (തറക്കൂലി) 206 രൂപയും സംസ്ഥാന സർക്കാരിന്റേത് 700 രൂപയുമാണ്. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൊഴിലാളി വിരുദ്ധ വർഗീയ ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പുറത്താക്കാൻ തൊഴിലാളികളുടെ സംഘടിതമായ പ്രവർത്തനമുണ്ടാകണമെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
ഫാം വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ. മല്ലിക അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ്, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ഇ.കെ. ശിവൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ്, സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം പി.കെ. രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ശശി, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, ട്രഷറർ കെ.പി. മേരി, സംഘാടക സമിതി കണ്‍വീനർ പി.ടി. ബെന്നി, ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് പി. രാമദാസ്, എഐടിയുസി മണ്ഡലം സെക്രട്ടറി എം.എസ്. ജോർജ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. കീരൻ പതാക ഉയർത്തി. സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 11 ന് കാർഷിക മേഖലയിൽ ഫാമുകളുടെ സംഭാവന എന്ന വിഷയത്തിൽ മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ പ്രസംഗിക്കും.