കോളനികളിൽ വാർത്താ വിനിമയത്തിൽ കുതിച്ചുചാട്ടം വരും: ഡീൻ കുര്യാക്കോസ്
1373487
Sunday, November 26, 2023 2:55 AM IST
കോതമംഗലം: 2024 ൽ ഇടുക്കി പാലമെന്റ് മണ്ഡലത്തിലെ ആദിവാസി കോളനികളിൽ വാർത്താ വിനിമയ രംഗത്ത് വൻ കുതിച്ചുചാട്ടം നടക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. കെപിസിസി മിഷൻ 24 ന്റെ ഭാഗമായി കുട്ടന്‍പുഴയിൽ സംഘടിപ്പിച്ച മണ്ഡലംതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ എണ്‍പതിലധികം പുതിയ മൊബൈൽ ഫോണ്‍ ടവറുകളാണ് സ്ഥാപിക്കുന്നത്. കുട്ടന്പുഴ പഞ്ചായത്തിൽ മാത്രം ഒരു ഡസൻ പുതിയ ടവർ സ്ഥാപിക്കും. മിഷൻ 24 ന്റെ ഭാഗമായി കുട്ടന്പുഴ മണ്ഡലത്തിലെ ബൂത്ത് കമ്മറ്റികളിൽ നിന്നുള്ള പ്രതിനിധികൾ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനകളുടെ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.ജെ. എൽദോസ്, സെക്രട്ടറി പീറ്റർ മാത്യു, പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. സിബി, മണ്ഡലം മുൻ പ്രസിഡന്റ് ബേബി മൂലയിൽ, കർഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കറുകപ്പിള്ളി, ഐഎൻടിയുസി റീജിയണൽ സെക്രട്ടറി സി.വൈ. മാർട്ടിൻ, മണ്ഡലം പ്രസിഡന്റ് എം.എ. പ്രഹ്ലാദൻ, സേവാദൾ മണ്ഡലം പ്രസിഡന്റ് പി.ജി. സ്വാഗത് എന്നിവർ പ്രസംഗിച്ചു.
കേരള കോണ്‍സിൽ നിന്നു രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്ന ജോസ് നിരവിത്തിന് കോണ്‍ഗ്രസ് അംഗത്വം നൽകി ഷാൾ അണിയിച്ച് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ച കോതമംഗലം ബ്ലോക്ക് ജനറൽ സെക്രട്ടറി എൽദോസ് പൈലി, മണ്ഡലം പ്രസിഡന്റ് ബേസിൽ ടി. ജോയി, വൈസ് പ്രസിഡന്റ് കെ.എസ്. സനു എന്നിവർക്ക് സ്വീകരണം നൽകി.