വീടുകളുടെ ശിലാസ്ഥാപനം
1373486
Sunday, November 26, 2023 2:55 AM IST
മൂവാറ്റുപുഴ: നിർധനരായ ഒന്‍പത് കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയും വീടും നൽകുന്ന പദ്ധതിയുമായി സബൈൻ ആശുപത്രി ആൻഡ് റിസർച്ച് സെന്റർ. പായിപ്രയിൽ നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. മൂന്ന് സെന്റ് ഭൂമിയിൽ 600 ചതുരശ്ര വീടാണ് ഓരോ കുടുംബത്തിനും നൽകുന്നത്.
ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള അതിഥി ചാരിറ്റബിൾ സൊസൈറ്റിയാണ് പായിപ്ര പഞ്ചായത്തിലെ അർഹരായ കുടുംബങ്ങളെ തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ ഒന്‍പത് വീടുകളാണു നിർമിക്കുന്നത്. ആറ് മാസത്തിനുള്ളിൽ വീടുകൾ നിർമിച്ച് കുടുംബങ്ങൾക്കു കൈമാറും.
രണ്ടാം ഘട്ടത്തിൽ സമീപ പഞ്ചായത്തിലും നഗരസഭയിലും അർഹരായവർക്കുകൂടി വീടും ഭൂമിയും നൽകുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് സബൈൻ ആശുപത്രി ആൻഡ് റിസർച്ച് സെന്റർ എംഡി ഡോ. സബൈൻ ശിവദാസ് പറഞ്ഞു.
ശിലാസ്ഥാപനത്തിനു ശേഷം നടന്ന സമ്മേളനത്തിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. ഡോ. സബൈൻ ശിവദാസ്, ഡോ. സ്മിത സബൈൻ, മുൻ എംഎൽഎ എൽദോ ഏബ്രഹാം, ജില്ലാ പഞ്ചായത്ത് മുൻ അംഗം എൻ. അരുണ്‍, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാൻ, പഞ്ചായത്തംഗങ്ങളായ എം.സി. വിനയൻ, എം.എ. നൗഷാദ്, ഷാജിത മുഹമ്മദാലി, നെജി ഷാനവാസ്, എ.ടി. സുരേന്ദ്രൻ, വി.ഇ. നാസർ, മുൻ പഞ്ചായത്തംഗങ്ങളായ വി.എച്ച്. ഷഫീഖ്, വി.എം. നവാസ്, മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്, സിപിഎം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.