എംസി റോഡിൽ വാഹനാപകടം വർധിക്കുന്നു ; നടപടിയെടുക്കാതെ അധികൃതർ
1339612
Sunday, October 1, 2023 5:35 AM IST
മൂവാറ്റുപുഴ: എംസി റോഡിൽ വാഹന അപകടങ്ങളും തുടർന്നുള്ള മരണവും വർധിക്കുന്നു. നൂറ് കണക്കിന് വാഹനങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ കടന്ന് പോകുന്ന മൂവാറ്റുപുഴ - പെരുന്പാവൂർ റോഡിൽ ഒരുമാസത്തിനിടെ നിരവധി വാഹന അപകടങ്ങളും മരണവും സംഭവിച്ചു.
വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ച മധ്യ വയസ്കൻ ലോറിക്ക് അടിയിൽപ്പെട്ട് ദാരുണമായി മരിച്ചത് മൂന്ന് ദിവസം മുന്പാണ്. തൃക്കളത്തൂർ മുതൽ പള്ളിപ്പടി വരെയുള്ള എംസി റോഡ് ഭാഗത്താണ് അപകടങ്ങളിൽ ഏറെയും ഉണ്ടായത്.
അപകടം വർധിച്ചിട്ടും സുരക്ഷാ സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല.
അപകടങ്ങൾ തുടർക്കഥയായിട്ടും പോലീസും മോട്ടോർ വാഹന വകുപ്പും നിസംഗത പാലിക്കുകയാണ്. പഞ്ചായത്ത് അധികാരികൾ പലവട്ടം ട്രാഫിക് പരിഷ്കരണ ചർച്ചകൾ നടത്തിയിരുന്നു. ഒപ്പം പേഴക്കാപ്പിള്ളി കവലയുടെ ഇരു വശങ്ങളിലുമുള്ള അനധികൃത പാർക്കിംഗും വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത കൈയേറ്റങ്ങളും ഒഴിവാക്കുന്നതിനും തീരുമാനിച്ചിരുന്നു. ഇതൊന്നും നടപ്പായില്ല. അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗതയും എംസി റോഡ് വാഹനാപകടങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നു.
പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും അപകട മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഇനിയും വിലപ്പെട്ട ജീവനുകൾ ഇവിടെ പൊലിയും. ജനങ്ങൾ നടുക്കം മാറാതെ അപകടങ്ങളെ ആശങ്കയോടെ കാണുന്പോൾ അധികാരികൾക്ക് യാതൊരു കുലുക്കവുമില്ല.
ത്യക്കളത്തൂർ സൊസെറ്റിപ്പടി, സംഗമം പടി, പേഴക്കാപ്പിള്ളി, സബൈൻ ആശുപത്രി ജംഗ്ഷൻ, പളളിപ്പടി എന്നിവിടങ്ങളിലെല്ലാം അപകടങ്ങൾ പതിവാണ്. ഇവിടങ്ങളിൽ നിരവധി വിദ്യാലയങ്ങളുണ്ടെങ്കിലും പോലീസ് സേവനം ലഭ്യമല്ല.