മാർത്തോമ്മ ചെറിയ പളളി കന്നി 20 പെരുന്നാൾ ഹരിത ചട്ടം പാലിക്കാൻ പരിശീലനം നൽകി
1339419
Saturday, September 30, 2023 2:03 AM IST
കോതമംഗലം: മാർത്തോമ്മ ചെറിയ പളളി കന്നി 20 പെരുന്നാൾ ഹരിത ചട്ടം പാലിച്ച് നടത്തും. ഇതിലേയ്ക്കായി സന്നദ്ധ സംഘടനകൾ, ഹരിതകർമസേനകൾ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർക്ക് പരിശീലനം നൽകിയതായി നഗരസഭാധ്യക്ഷൻ കെ.കെ. ടോമി അറിയിച്ചു.
പെരുന്നാൾ പ്രാദേശിക ഉത്സവമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയിലെ സർക്കാർ വകുപ്പുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, വ്യാപാരി വ്യവസായി സംഘടനകൾ, സ്വകാര്യ ബസ് ഓണേഴ്സ് സംഘടനകൾ, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ എന്നിവരുമായി ചർച്ചകൾ നടത്തി.
ഹരിത മാനദണ്ഡങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായി നഗരസഭാ പരിധിയിലെ കടകൾ തോറും വിളംന്പര ജാഥ സംഘടിപ്പിച്ചു.പെരുന്നാൾ പൂർണമായും മാലിന്യ വിമുക്തമാക്കും. സാരി തരൂ, സഞ്ചി തരാം എന്ന കാന്പയിൻ എൻഎസ്എസ് യൂണിറ്റ്, കുടുംബശ്രീ, യൂത്ത് അസോസിയേഷൻ, കുടുംബയോഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തും.
വലിച്ചെറിയേണ്ട തിരികെ നൽകൂ, സമ്മാനങ്ങൾ നേടാം എന്ന കാന്പയിനായി കൗണ്ടറുകൾ പ്രവർത്തിക്കും. ഹരിത കേരള മിഷനും, ശുചിത്വ മിഷനും ചേർന്ന് ഹരിത ചട്ടം പാലിക്കാം എന്ന സന്ദേശം ഉൾക്കൊളളിച്ച് ബാനറുകളും, പോസ്റ്ററുകളും തയാറാക്കിയിട്ടുണ്ട്.
തീർഥാടകർക്ക് വഴിയോരങ്ങളിൽ പാനീയം, ലഘുഭക്ഷണം എന്നിവ പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് നഗര സഭ ഉറപ്പുവരുത്തും.
കോതമംഗലത്ത് രണ്ടിന് ഗതാഗത ക്രമീകരണം
കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലത്ത് രണ്ടിന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തും.
പെരുന്പാവൂർ ഭാഗത്തു നിന്നു വരുന്ന ബസുകളും വാഹനങ്ങളും നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസ് പടിയിൽ നിന്നു തിരിഞ്ഞ് ഗ്രീൻവാലി സ്കൂൾ വഴി തങ്കളത്ത് ആലുഞ്ചോട്ടിലെത്തി ബൈപ്പാസ് വഴി ഗ്യാസ് ഗോഡൗണ്‍ വഴി മെയിൻ ബസ് സ്റ്റാന്‍ഡിലേയ്ക്ക് പ്രവേശിക്കണം.
മറ്റ് വാഹനങ്ങൾ ബൈപ്പാസ് വഴി മലയിൻകീഴ് വഴി പോകണം. ചേലാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മലയിൻകീഴിൽ ആളെ ഇറക്കി ബ്ലോക്ക് ഓഫീസ് റോഡിൽ പാർക്ക് ചെയ്യണം. ഹൈറേഞ്ച് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ അരമനപ്പടി മലയിൻകീഴ് ബൈപ്പാസ് വഴി പോകേണ്ടതാണ്.
മൂവാറ്റുപുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കോളജ് ജംഗ്ഷൻ തങ്കളം വഴി പോകണം. കോഴിപ്പിളളി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ബൈപ്പാസ് വഴി ബസ് സ്റ്റാന്‍ഡിലേയ്ക്കു പോകണം.
തീർഥാടകരുമായി വരുന്ന വലിയ വാഹനങ്ങൾ പുതിയതായി തുറന്ന തങ്കളം ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്യണം. മലയിൻകീഴ് ബൈപ്പാസിൽ വിവിധ സ്ഥലങ്ങളിലായി വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ബൈപ്പാസ് റോഡിൽ ഒരു വശം മാത്രം പാർക്കിംഗ് അനുവദിക്കും.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയും, പിഴയും ഉൾപ്പെടെയുളള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.