രണ്ടു കുട്ടികളെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ
1339194
Friday, September 29, 2023 2:28 AM IST
വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിൽ ദേവസ്വംപാടം സ്വദേശികളായ രണ്ടു കുട്ടികളെ കടിച്ച തെരുവുനായയ്ക്ക് പേ ബാധിച്ചതായി പരിശോധനയിൽ കണ്ടെത്തി.
റോഡിലൂടെ പോകുകയായിരുന്ന രണ്ടു കുട്ടികളെ മൂന്നു ദിവസം മുന്‍പാണു തെരുവുനായ കടിച്ചത്. കടിയേറ്റ രണ്ടു കുട്ടികൾക്കും അന്നുതന്നെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരുന്നു.
പിന്നീട് നാട്ടുകാർ ചേർന്നു ഈ നായയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഈ നായയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി.
വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫിന്റെ നേതൃത്വത്തിൽ മണ്ണുത്തിയിലെ കേന്ദ്രത്തിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിൽ നായയ്ക്കു പേ ബാധിച്ചതായി സ്ഥിരീകരിച്ചു.
കടിയേറ്റ കുട്ടികളുടെ വീട്ടുകാർക്കും ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.