പിറവത്തെ റോഡ് നിർമാണം വേഗത്തിലാക്കും
1339192
Friday, September 29, 2023 2:28 AM IST
കൂത്താട്ടുകുളം: പിറവം നിയോജക മണ്ഡലത്തിലെ റോഡുകളുടെ നിർമാണം വേഗത്തിലാക്കും.
പാന്പാക്കുട, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ഉൾപ്പെടുന്ന തിരുമാറാടി, ഇലഞ്ഞി, മണീട് മുളന്തുരുത്തി, എടക്കാട്ടുവയൽ, ആന്പല്ലൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പിഎംജിഎ റോഡുകളുടെയും, സിആർഐഎഫ് റോഡിന്റെയും നിർമാണം വേഗത്തിലാക്കും.
പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തോമസ് ചാഴികാടൻ എംപി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം.
പാന്പാക്കുട, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ച് റോഡുകളും, സിആർഐഎഫ് പദ്ധതിയിൽ എടക്കാട്ടുവയൽ, ആന്പല്ലൂർ പഞ്ചായത്തുകളിൽ ഒരു റോഡും നിർമിക്കും. ഇലഞ്ഞി പഞ്ചായത്തിലെ കൊച്ചേരിത്താഴം - പള്ളത്തുകുഴി - ചീപ്പുംപടി - വളയാന്പറയിൽ റോഡിന്റെ നിർമാണം അടുത്തമാസം 31 നകം പൂർത്തിയാക്കാൻ എംപി നിർദേശിച്ചു.
തിരുമാറാടി പഞ്ചായത്തിലെ ചെറ്റേപ്പീടിക - തട്ടേക്കാട് -മണ്ണത്തൂർ, മുളന്തുരുത്തി, മണിട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മേമ്മുഖം ആരക്കുന്നം മണീട് എന്നീ റോഡുകളുടെ നിർമാണങ്ങൾ വേഗത്തിലാക്കും.
പാന്പാക്കുട പഞ്ചായത്തിൽ 2.41 കോടി ചെലവിട്ട് നിർമിക്കുന്ന ശിവലി ശൂലം വിലങ്ങുപാറ ആറ്റുവേലിക്കുഴി ആൽപ്പാറ എന്നീ റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
എടക്കാട്ടുവയൽ, ആന്പല്ലൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കേന്ദ്ര റോഡ് ഫണ്ട് 20 കോടി ചെലവിട്ട് നിർമിക്കുന്ന ആരക്കുന്നം ഒലിപ്പുറം തൃപ്പക്കുടം പേപ്പതി - വട്ടപ്പാറ റോഡിന്റെ ജലജീവൻ മിഷ്യൻ പൈപ്പ് ലൈൻ ജോലികൾ അടുത്തമാസം 31 നകം പൂർത്തിയാക്കും. തിരുമാറാടി പഞ്ചായത്തിലെ ചെറ്റേപീടിക-തട്ടേക്കാട്-മണ്ണത്തൂർ റോഡിന്റെ നിർത്തിവച്ച പണികൾ രണ്ടു ദിവസത്തിനകം പുനരാരംഭിക്കാൻ നിർദേശിച്ചു.
തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ, എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ, പാന്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസണ് വി. പോൾ, എൻജിനീയർമാരായ കെ.പി.സാജൻ, സരിക, അനില ജോസ് എന്നിവർ പങ്കെടുത്തു.