മൂവാറ്റുപുഴ നഗരസഭ ജലസ്രോതസിനും പാർക്കിനുമായി 1.38 കോടി അനുവദിച്ചു
1339190
Friday, September 29, 2023 2:28 AM IST
മൂവാറ്റുപുഴ: പരന്പരാഗത ജല സ്രോതസുകളുടെയും മൂവാറ്റുപുഴ നഗരസഭ ഡ്രീം ലാന്‍ഡ് പാർക്കിന്റെയും നവീകരണത്തിനായി അമൃത് പദ്ധതി പ്രകാരം 1.38 കോടി അനുവദിച്ചതായി നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അറിയിച്ചു.
അമൃത് സ്റ്റേറ്റ് ഹൈപവർ സ്റ്റിയറിംഗ് കമ്മിറ്റി പദ്ധതികൾക്ക് അംഗീകാരം നൽകി. തൊടുപുഴയാറിന്റെ തീരത്ത് മൂന്ന് ഏക്കറിലധികം വിസ്തൃതിയിൽ ലതാ ജംഗ്ഷനിലുളള ഡ്രീം ലാന്‍ഡ് പാർക്ക് നവീകരിക്കാനായി 50 ലക്ഷം അനുവദിച്ചു.
മുളങ്കാടുകളും പാറക്കെട്ടുകളും വൻ വൃക്ഷലതാദികളുമുളള പാർക്കാണിത്. പുതിയ ശില്പങ്ങളും ഉപകരണങ്ങളും സ്ഥാപിച്ച് നടപ്പാതകൾ നവീകരിക്കും. നഗരത്തിലെ പരന്പരാഗത ജലസ്രോതസുകൾ നവീകരിച്ച് ജലക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതിക്കായി 88 ലക്ഷം ലഭിച്ചതായി നഗരസഭാധ്യക്ഷൻ പറഞ്ഞു.
26-ാം വാർഡിലെ മനക്കകുളത്തിന് 28 ലക്ഷവും, 23-ാം വാർഡിലെ ആന്പറ്റകുളത്തിന് 30 ലക്ഷവും 20-ാം വാർഡിലെ പഞ്ചായത്ത് കുളത്തിന് 27 ലക്ഷവും വീതം നവീകരണത്തിനും 17, 25, 24 വാർഡുകളിലെ പൊതു കിണറുകളുടെ അറ്റകുറ്റ പണികൾക്ക് ഓരോ ലക്ഷവും അനുവദിച്ചിട്ടുണ്ട്.
ഉടൻ ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമാണം ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷൻ വ്യക്തമാക്കി.