ഭൂതത്താൻകെട്ട് വാച്ച് ടവർ അടച്ചിട്ട് ഒന്നര വർഷം
1339189
Friday, September 29, 2023 2:28 AM IST
കോതമംഗലം: ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി നിര്‍മിച്ച വാച്ച് ടവര്‍ നോക്കുകുത്തിയായി. സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ അധികൃതർ ടവര്‍ ഒന്നര വർഷമായി അടച്ചിട്ടിരിക്കുകയാണ്.
കാടും മലയും പുഴയും സമ്മേളിക്കുന്ന മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിനായി ഡാമിന് സമീപം ഒമ്പതു വര്‍ഷം മുമ്പ് നിര്‍മിച്ചതാണ്. ടവറിന്റെ ഓരോ നിലയില്‍ നിന്നുമുള്ള കാഴ്ചകള്‍ ആകർഷകമാണ്.
ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മലമടക്കുകളും പെരിയാറിന്റെ വിദൂര ദൃശ്യവും കാടിന്റെ വന്യഭംഗിയും കാണാനാവും. ടവറിനു മുകളില്‍ നിന്നുള്ള നിരീക്ഷണം പ്രതീക്ഷിച്ച് എത്തുന്നവര്‍ ടവര്‍ കണ്ട് മടങ്ങേണ്ട ഗതികേടിലാണ്. ബോട്ടിംഗും ട്രക്കിംഗും കഴിഞ്ഞാല്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതാണ് വാച്ച് ടവർ.
പെരിയാര്‍ വാലി ജലസേചന പദ്ധതിയാണ് 45 ലക്ഷം മുടക്കി അഞ്ചു നിലയുള്ള ടവര്‍ നിർമിച്ചത്. പണികള്‍ പൂര്‍ത്തിയായിട്ടും വിവിധ കാരണത്താല്‍ വര്‍ഷങ്ങളോളം അടഞ്ഞുകിടന്നു. പിന്നീട് അനൗദ്യോഗികമായി തുറന്ന് കൊടുത്തെങ്കിലും സുരക്ഷാഭീഷണിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ചതാണ്.
ടവറിന്റെ മുകളിലേക്ക് കയറുന്നിടത്തു നിര്‍മിച്ച കൈവരിയുടെ ഉയരക്കുറവ് അപകടഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് അടച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ കൈവരികള്‍ ഉയരം കൂട്ടി നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. താഴെ ടിക്കറ്റ് കൗണ്ടറും ഒരുക്കി. ആദ്യകാലത്ത് ടവറില്‍ കയറുന്നതു സൗജന്യമായിരുന്നു.
ഭൂതത്താന്‍കെട്ട് ഡാമിന് സമീപത്തായതിനാൽ ഡാം സുരക്ഷ വകുപ്പ് സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. ഡാം സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭ്യമായാലേ ടവര്‍ തുറക്കാനാകൂവെന്നാണ് പെരിയാര്‍വാലി അധികൃതര്‍ വ്യക്തമാക്കിയത്.
ടൂറിസം വകുപ്പും ഡിടിപിസിയും പെരിയാര്‍വാലിയും വനം വകുപ്പും ഡെസ്റ്റിനേഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ഭൂതത്താന്‍കെട്ടിലെ ടൂറിസത്തിന് മേല്‍നോട്ടം നല്‍കുന്നത്.
നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്ന ഇവിടെ ടൂറിസം വികസനത്തിനായി ആസൂത്രണം ചെയ്ത ടവര്‍ തുറന്നു കൊടുക്കുന്നതിന് അധികൃതർ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.