അറ്റം കാണാതെ ബണ്ട് റോഡ്: കീറാമുട്ടിയായി ഭൂമി ഏറ്റെടുക്കല്‍
1339188
Friday, September 29, 2023 2:28 AM IST
കൊച്ചി: നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാന്‍ ജിസിഡിഎ വിഭാവനം ചെയ്ത ചിലവന്നൂര്‍ ബണ്ട് റോഡ് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.
സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തടസങ്ങളാണ് ഇപ്പോള്‍ മുന്നിലുള്ള പ്രശ്നം. റോഡ് നിര്‍മാണത്തിനുള്ള പണവും കണ്ടെത്തണം. കിഫ്ബി വഴി പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും അതും ഫലം കണ്ടില്ല.
നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ സഹോദരന് അയ്യപ്പന് (എസ്എ) റോഡിന് സമാന്തരമായി നഗരത്തിലെ തിരക്ക് കുറയ്ക്കാനായി വിഭവനം ചെയ്തതാണ് തേവര മുതല്‍ തൈക്കൂടം ബൈപ്പാസ് വരെ വരുന്ന ബണ്ട് റോഡ്. നാലര കിലോമീറ്റര്‍ വരുന്ന റോഡിന്റെ നിര്‍മാണം പലഘട്ടങ്ങളിലായി നടന്നിരുന്നെങ്കിലും സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് നിലച്ചു.
നിലവില്‍ റോഡിന്റെ കിഴക്കേയറ്റമായ തൈക്കൂടം ഭാഗത്ത് ഒരേക്കറോളം സ്ഥലം ഏറ്റെടുക്കാനുള്ള ചര്‍ച്ചകളിലാണ് ജിസിഡിഎ. പ്രതിഫലം നല്കി സ്ഥലം ഏറ്റെടുക്കുന്നതിന് പകരം സ്ഥലത്തിന്റെ മൂല്യത്തിനും അളവിനും അനുസൃതമായി ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലം കൈമാറുന്ന നിലയിലാണ് ചര്‍ച്ചകള്‍. നിലവില്‍ 90 ശതമാനം സ്ഥലം ഏറ്റെടുത്തതും ഇതേ ഫോര്‍മുല പ്രകാരമാണ്.
ബൈപ്പാസിലേക്ക് സുഗമമായ പ്രവേശിക്കാന്‍ തൈക്കൂടം അണ്ടര്‍പാസ് വലുപ്പത്തിലാക്കി സര്‍വീസ് റോഡുകള്‍ വീതി കൂട്ടേണ്ടതായുണ്ട്. അണ്ടര്‍പാസിന്റെ പുനര്‍നിര്‍മാണത്തിനായി നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുമായി (എന്‍എച്ച്എഐ) പലഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സ്ഥലം ഏറ്റെടുത്താലും റോഡ് നിര്‍മാണത്തിന് പണം വേണം. കിഫ്ബി വഴി 95 കോടി കണ്ടെത്താനുള്ള ശ്രമം സമാന്തരമായി നടക്കുന്നുണ്ട്. ഫണ്ട് ലഭ്യമായില്ലെങ്കില്‍ പല ഏജന്‍സികളുടെ സഹായത്തോടെ റോഡ് പൂര്‍ത്തിയാക്കാനുള്ള പദ്ധതിയുമുണ്ട്. 15 മുതല്‍ 22 മീറ്റര്‍ വരെ വീതിയുള്ളതാണ് നിര്‍ദിഷ്ട പാത.
ഫണ്ട് ലഭ്യമാകാതെ വന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റോഡ് കൊച്ചി കോര്പറേഷന് കൈമാറും. തുടര്‍ന്നുള്ള പണികള്‍ കോര്പറേഷന് ചെയ്യട്ടേ എന്ന നിലപാടാണ് ജിസിഡിഎക്ക്.
ബണ്ട് റോഡ് യാഥാര്‍ഥ്യമായാല്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ചിലവന്നൂര്‍ കായലിന്റെ മനോഹാര്യത ആസ്വദിച്ച് വൈറ്റില-തേവര റൂട്ടില്‍ മനോഹരമായ പുതിയ ഇടനാഴി ലഭിക്കും.