പ്രവാസിയുടെ പണം തട്ടിയ സംഭവം ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി
1339186
Friday, September 29, 2023 2:13 AM IST
വൈപ്പിൻ: പ്രവാസി മലയാളിയായ വ്യവസായിയെ അയ്യമ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് ദേഹോപദ്രവം ചെയ്തും ഭീഷണിപ്പെടുത്തിയും 15 ലക്ഷം രൂപയുടെ ചെക്ക് തട്ടികയെടുക്കുകയും വിടുതലിനായി 50 ലക്ഷം വേറെ ആവശ്യപ്പെടുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതികൾ മുനമ്പം പോലീസ് മുമ്പാകെ കീഴടങ്ങി. രണ്ടാം പ്രതി മട്ടാഞ്ചേരി സ്വദേശി കബീർ - 35, ഏഴാം പ്രതി പള്ളുരുത്തി പ്രശോഭ് -33 എന്നിവരാണ് കീഴടങ്ങിയത്.
ഈ കേസിലെ മറ്റ് ഏഴ് പ്രതികളെ പോലീസ് രണ്ടു ഘട്ടങ്ങളിലായി നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കീഴടങ്ങിയ രണ്ടുപേരും ഇതുവരെ ഒളിവിൽ താമസിച്ച് സെഷൻസ് കോടതിയിലും, ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിനു ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടയിൽ പോലീസ് അന്യായമായി തങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് രണ്ടുപേരും മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ സത്യാവസ്ഥ മനസിലാക്കിയ കോടതി ജാമ്യം നൽകാതെ വന്ന പ്പോഴാണ് പോലീസ് മുമ്പാകെ കീഴടങ്ങിയത്. 2022 നവംബർ 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കൊച്ചി വൈറ്റില എസി സിറ്റി വൈറ്റ് ഫീൽഡ് ഫ്ലാറ്റിൽനിന്നു പ്രവാസി വ്യവസായിയായ കണ്ണമംഗലം ശ്രീകൃഷ്ണ വിലാസത്തിൽ ബിജു ബാലനെ 48 യാണ് സംഘം കടത്തിക്കൊണ്ടുവന്ന് ഭീഷണിപ്പെടുത്തി ചെക്ക് തട്ടിയെടുത്തത്.
പ്രതികളിൽ പരിചയക്കാരായ വഹാബ്, ഫക്രുദീൻ തങ്ങൾ എന്നിവർ ബിസിനസ് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന അയ്യമ്പിള്ളിയിലെ അഥർവം റിസോർട്ടിലെത്തിച്ചാണ് പരാതിക്കാരനെ ദേഹോപദ്രവും ചെയ്തും ചെക്ക് തട്ടിയെടുത്തതും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.