തീരദേശ പരിപാലന പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കാത്തത് അനാസ്ഥയെന്ന് ഹൈബി ഈഡന്
1339185
Friday, September 29, 2023 2:13 AM IST
കൊച്ചി: സിആര്‍ഇസഡ് 2019 വിജ്ഞാപന പ്രകാരമുള്ള തീരദേശ പരിപാലന പദ്ധതി അന്തിമമാക്കി കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ഹൈബി ഈഡന് എംപി.
വളരെ മുന്‍പേ തീര്‍ക്കേണ്ടിയിരുന്ന നടപടികള്‍ ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്. കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ വീഴ്ച കാരണം നിയമപരമായി ലഭിക്കാന്‍ അര്‍ഹതയുള്ള ആനുകൂല്യം പോലും തീര പ്രദേശത്തുള്ളവര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും നിഷേധിക്കപ്പെടുകയാണെന്നും ഹൈബി ഈഡന് എംപി കുറ്റപ്പെടുത്തി.
തീരദേശ പരിപാലന പദ്ധതി സംബന്ധിച്ച ഔദ്യോഗികമായ പബ്ലിക് ഹിയറിംഗിന് മുന്‍പുതന്നെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വഴി തയാറാക്കിയ സമഗ്ര പദ്ധതി നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കരട് ഭൂപടം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും നിര്‍ദേശങ്ങളും പരിഗണിയ്ക്കാന്‍ കേരള തീരദേശ പരിപാലന അഥോറിറ്റിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നിര്‍ദേശം നല്‍കിയതായും ഹൈബി ഈഡന് അറിയിച്ചു.
നേരത്തെ തീരദേശ പരിപാലന പദ്ധതിയുടെ ഭാഗമായുള്ള കരട് ഭൂപടത്തിന്റെ പരിശോധനാ രീതികള്‍ വ്യക്തമാക്കുന്നതിനും വിലയിരുത്തുന്നതിനുമായി എറണാകുളം ടൗണ്‍ ഹാളില്‍ യോഗം ചേര്‍ന്നിരുന്നു.
യോഗത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ക്കൊപ്പം, നിയമ വിദഗ്ധരുടെയും പരിസ്ഥിതി രംഗത്തുള്ള സാങ്കേതിക വിദഗ്ധരുടെയും തീരദേശ നിയന്ത്രണ നടപടികളില്‍ പ്രാവീണ്യമുള്ളവരുടെയും നിര്‍ദേശങ്ങള്‍ കൂട്ടി ചേര്‍ത്ത് പരമാവധി അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചതെന്നും ഹൈബി ഈഡന് പറഞ്ഞു.