സിബിഎല്‍ നാളെ പിറവത്ത് നാലാം ജയം കൊതിച്ച് പിബിസി വീയപുരം
1339179
Friday, September 29, 2023 2:13 AM IST
കൊച്ചി: ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണിലെ നാലാം മത്സരത്തിന് നാളെ പിറവത്തെ മൂവാറ്റുപുഴയാറില്‍ തുഴവീഴും. ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
സിബിഎല്‍ ഇരട്ട ചാമ്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് കഴിഞ്ഞ തവണ കാലിടറിയ പിറവത്ത് ഇക്കുറിയും തീപാറുന്ന മത്സരമാണ് വള്ളംകളി പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. പിബിസി തുഴയുന്ന വീയപുരം ചുണ്ടനാണ് സിബിഎല്‍ മൂന്നാം സീസണില്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. നെഹ്റുട്രോഫി, കൊച്ചി മറൈന്‍ ഡ്രൈവ്, കോട്ടപ്പുറം കായല്‍ എന്നീ മത്സരങ്ങളില്‍ മിന്നും വിജയം നേടിയാണ് പിബിസി പിറവത്തെത്തുന്നത്.
സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ കാണികള്‍ക്ക് മത്സരങ്ങൾ തടസമില്ലാതെ കാണാവുന്ന തരത്തിലാണ് പിറവത്ത് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് പിറവം വള്ളംകളിയും സിബിഎല്‍ നാലാംമത്സരവും ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടന് എംപി, പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവരും പങ്കെടുക്കും.
കിരീട പോരാട്ടത്തിനിറങ്ങുന്നവര്‍
ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (വീയപുരം) പിബിസി, കോസ്റ്റ് ഡോമിനേറ്റേഴ്സ്(നടുഭാഗം) യുബിസി, മൈറ്റി ഓര്‍സ്(നിരണം) എന്‍സിഡിസി, ബാക്ക് വാട്ടര്‍ വാരിയേഴ്സ്(ചമ്പക്കുളം)കുമരകം ടൗണ്‍ ബോട്ട്ക്ലബ്, റേജിംഗ് റോവേഴ്സ് (മഹാദേവിക്കാട്) പോലീസ് ബോട്ട് ക്ലബ്, തണ്ടര്‍ ഓര്‍സ്(പായിപ്പാടന്) കെബിസി/എസ്എഫ്ബിസി, റിപ്പിള് ബ്രേക്കേഴ്സ് (കാരിച്ചാല്‍) പുന്നമട ബോട്ട് ക്ലബ്, ബാക്ക് വാട്ടര്‍ കിംഗ്സ് (സെന്റ് പയസ്)നിരണം ബോട്ട് ക്ലബ്, പ്രൈഡ് ചേസേഴ്സ്(ആയാപറമ്പ് പാണ്ടി) വിബിസി.
ഇനിയുള്ള മത്സരങ്ങള്‍
താഴത്തങ്ങാടി, കോട്ടയം, (ഒക്ടോബര്‍ 7), പുളിങ്കുന്ന്, ആലപ്പുഴ(14), കൈനകരി, ആലപ്പുഴ(21), കരുവാറ്റ, ആലപ്പുഴ(28), കായംകുളം, ആലപ്പുഴ(നവംബര്‍ 18), കല്ലട, കൊല്ലം(25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്റ്സ് ട്രോഫി, കൊല്ലം(9).