കാടിറങ്ങുന്ന വന്യമൃഗങ്ങളെ ആര് തുരത്തും?
1339178
Friday, September 29, 2023 2:13 AM IST
ജിജു കോതമംഗലം
കോതമംഗലം: താലൂക്കിലെ വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാനയും കാട്ടുപന്നിയുമുൾപ്പെടെയുള്ള വന്യ മ്യഗങ്ങളുടെ ശല്യം രൂക്ഷം.
വേനൽകാലങ്ങളിൽ മാത്രം വെള്ളവും തീറ്റയും തേടി വനാതിർത്തി ഗ്രാമങ്ങളിൽ ജനവാസ മേഖലകളിലെത്തിയിരുന്ന വന്യമൃഗങ്ങൾ മഴക്കാലമെന്നോ, വേനൽകാലമെന്നോ വ്യത്യാസമില്ലാതെ ജനവാസ മേഖലകളിൽ എത്തുന്നത് പതിവായിരിക്കുകയാണ്.
കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളുടെ വനാതിർത്തി മേഖലകളിലാണു കാട്ടാനയും, കാട്ടുപന്നിയും, കുരങ്ങുമുൾപ്പെടെ വന്യമൃഗശല്യം രൂക്ഷമായിട്ടുള്ളത്. കൂടുതൽ ഇടങ്ങളിലേക്ക് വന്യമൃഗങ്ങൾ കടന്നുകയറുന്ന സ്ഥിതി വിശേഷമാണിപ്പോഴുള്ളത്.
രാത്രിയിലെത്തുന്ന കാട്ടാനക്കൂട്ടം കൃഷികളെല്ലാം നശിപ്പിച്ച ശേഷം നേരം പുലർന്നാണ് വനമേഖലയിലേക്ക് പിൻവാങ്ങുന്നത്. തങ്ങളുടെ വരുമാന മാർഗം നശിക്കുന്നതിനൊപ്പം സ്വൈര്യ ജീവിതവും നഷ്ടപ്പെടുകയാണെന്നു കർഷകർ പറയുന്നു.
വീടിനു നേരെ കാട്ടാനയുടെ പരാക്രമം
കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബ്ലാശേരിയിൽ കാട്ടാനക്കൂട്ടം വീട് ആക്രമിച്ചിട്ടു ദിവസങ്ങളേ ആയിട്ടുള്ളു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാക്കുകയായിരുന്നു. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ മുത്താരിയിൽ പോളിന്റെ ഏത്തവാഴത്തോട്ടം കാട്ടാനകൾ നശിപ്പിച്ചതും ദിവസങ്ങൾ മുമ്പാണ്.
കോട്ടപ്പാറ പ്ലാന്റേഷന് സമീപത്തെ കൃഷിയിടങ്ങളിലും കാട്ടാന വിളയാട്ടം നിത്യ സംഭവമാണ്. കീരംപാറ പഞ്ചായത്തിലെ പാലമറ്റത്ത് പെരിയാർ കടന്നെത്തുന്ന ഒറ്റയാനാണ് നാട്ടുകാർക്ക് ഭീഷണി.
റോഡിന് സമീപം കുരുന്നപ്പിള്ളി നടയിലെ മാഞ്ചിയം പ്ലാന്റേഷനിലാണ് ആന തമ്പടിക്കുന്നത്. പ്ലാന്റേഷനിലെ പന മരങ്ങൾ മറിച്ചിട്ട് പൊട്ടിച്ച് ചോറ് തിന്നാനാണ് ഇവിടെയെത്തുന്നത്. യാത്രക്കാർക്കും സമീപവാസികൾക്കും ഒറ്റയാൻ പേടിസ്വപ്നമാണ്.
കുട്ടമ്പുഴയിലെ പുറമല കോളനിയിൽ വന്യമൃഗശല്യത്തിന് പരിഹാരമില്ലാത്തിനെ തുടർന്ന് വനംവകുപ്പിന്റെ വാഹനം നാട്ടുകാർ തടഞ്ഞതും അടുത്തിടയാണ് . 20 കുടുംബങ്ങളുടെ ജീവിതം ഇവിടെ ദുരിതപൂർണമാണ്. കോളനിക്കാർ ഇവിടെ നിന്നും മാറി പാർക്കണമെന്ന നിലപാടിലാണ് വനംവകുപ്പിനുള്ളത്. വർഷങ്ങൾക്ക് മുന്പ് പുറമ്പോക്ക് ഒഴിവാക്കി സർക്കാർ പുനരധിവസിപ്പിച്ച കോളനിയാണിത്.
സന്ധ്യയായാൽ വന്യമൃഗങ്ങളെ പേടിച്ച് വാഹനങ്ങൾ വിളിച്ചാൽ പോലും ഇങ്ങോട്ടു വരാത്ത സ്ഥിതിയാണ്. പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി രണ്ട് വാച്ചർമാരെ കോളനിയിൽ നിയോഗിച്ചിരിക്കുകയാണ് വനം വകുപ്പ് ചെയ്തത്.
കവളങ്ങാട് പഞ്ചായത്തിലെ അംബികാപുരം പാച്ചോറ്റിയിലും കഴിഞ്ഞ ദിവസം കാട്ടാനയെത്തി. പൈനാപ്പിള്ളിൽ മാത്തച്ചന്റെ നാൽപ്പത് കുലച്ച ഏത്തവാഴകളും റബറും കാട്ടാന നശിപ്പിച്ചു.
പെറ്റുപെരുകി കാട്ടുപന്നികൾ
കാട്ടുപന്നികൾ കൂട്ടത്തോടെ വനാതിർത്തി ഗ്രാമങ്ങളിലും, സമീപ പ്രദേശങ്ങളിലുമുള്ള കൃഷിയിടങ്ങളിലും, പുരയിടങ്ങളിലുമെത്തുന്നത് കർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കപ്പ, ചേമ്പ് പോലുള്ള കിഴങ്ങ് വർഗങ്ങൾ കൃഷിയിറക്കിയാൽ വിളവെടുക്കാൻ കഴിയുന്നത് അപൂർവമാണ്.
പുരയിടങ്ങളിൽ നാളികേരം വീണാൽ രാത്രി കാലങ്ങളിലെത്തുന്ന കാട്ടുപന്നികൾ ഭക്ഷണമാക്കും. തെങ്ങിൻ തൈകൾ നട്ടാൽ പന്നികളിൽ നിന്നും സംരക്ഷിക്കുന്നതും ദുരിതമാണ്.
നമ്പർ തൈകളുടെ തൊലി കടിച്ച് പൊട്ടിച്ചും തേറ്റക്ക് കുത്തിയും പന്നികൾ നശിപ്പിക്കുകയാണ്. നെൽ വയലുകളിലും കാട്ടുപന്നികൾ നാശം വരുത്തുന്നത് പതിവായിരിക്കുകയാണ്. കാട്ടുപന്നികൾ പെറ്റുപെരുകി എണ്ണം കൂടിവരികയാണെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
കുരങ്ങുകളെക്കൊണ്ടു പൊറുതിമുട്ടി
കാട്ടാനയും, കാട്ടുപന്നിയും വരുത്തുന്ന ദുരിതങ്ങൾ തടയാൻ കഷ്ടപ്പെടുന്നതിനിടയിലാണ് കുരങ്ങുകളും ശല്യക്കാരായെത്തുന്നത്. ഫലവൃക്ഷങ്ങൾ ഇക്കൂട്ടർ കയ്യടക്കുന്ന സ്ഥിതിയുമുണ്ട്. കപ്പയും കുരങ്ങുകളുടെ ഇഷ്ട ഭക്ഷണമാണ്.
തെങ്ങിലെ കരിക്ക് കുരങ്ങുകൾ ഭക്ഷണമാക്കുന്നതിനൊപ്പം ചെറിയ തേങ്ങകളും നശിപ്പിക്കും. കർഷകരുടെ നാളുകളുടെ അധ്വാനവും കാത്തിരിപ്പുമാണ് വന്യമൃഗങ്ങൾ ഇല്ലാതാക്കുന്നത്.
വന്യമൃഗങ്ങളെ തുരത്താൻ ഹാംഗിംഗ് ഫെൻസിംഗ്, ട്രഞ്ച് തുടങ്ങിയ നിർദേശങ്ങളുണ്ടെങ്കിലും അതെല്ലാം അധികൃതരുടെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയാണെന്നു കർഷകർ പറയുന്നു.
കർഷകർ പൊറുതിമുട്ടുമ്പോഴും പരിഹാരം കാണാത്ത വനംവകുപ്പിന്റെ അലംഭാവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.