ലോകത്തിലെ ഏറ്റവും വലിയ ഔഷധത്തൈ വിതരണം 29ന്
1338980
Thursday, September 28, 2023 2:23 AM IST
കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഔഷധത്തൈ വിതരണം 29ന് ഉച്ചയ്ക്ക് 1.30ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ പുതുതായി പണികഴിപ്പിച്ച ഹാളിൽ നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരീക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 160 ഇനങ്ങളിലുള്ള15000 ഔഷധത്തൈകളാണ് വിതരണം ചെയ്യുന്നത്.
സമീപത്തെ 18 സ്കൂളുകൾക്കാണ് തൈകൾ നൽകുന്നത്. ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം നിർവഹിക്കും. പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ഗിന്നസ് റിക്കാർഡ് ജേതാവ് സുനിൽ ജോസഫ് മുഖ്യ അതിഥിയാകും. ഓടക്കാലി, മണ്ണുത്തി, കോയമ്പത്തൂർ കൂടാതെ മറ്റ് സന്നദ്ധ സംഘടനകളിൽ നിന്നുമാണ് തൈകൾ ശേഖരിച്ചിട്ടുള്ളത്. ഓരോ തൈകളിലും അതിന്റെ പ്രത്യേകതകളടങ്ങിയ പ്ലക്കാർഡുകളും സസ്യ ശാസ്ത്രനാമവും രേഖപ്പെടുത്തിയിട്ടുണ്ട്.