അറവുമാലിന്യം പെരിയാറിലേക്ക് ഒഴുക്കി കളമശേരി നഗരസഭയ്ക്ക് 10 കോടി പിഴ
1338977
Thursday, September 28, 2023 2:23 AM IST
കളമശേരി: നോർത്ത് കളമശേരി നഗരസഭാ മാർക്കറ്റിലെ മാംസാവശിഷ്ടങ്ങളും ചോരയും കലർന്ന മാലിന്യം പെരിയാറിലേക്കൊഴുക്കിയതിന് കളമശേരി നഗരസഭയ്ക്ക് 10 കോടി 30 ലക്ഷം രൂപ മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തി. മാർക്കറ്റിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശരിയായി പ്രവർത്തിക്കാത്തതിനാലാണ് മലിനജലം പുറത്തേക്കൊഴുകുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുമായി കളമശേരി നഗരസഭാ സെക്രട്ടറി ഇക്കാര്യം ചർച്ച ചെയ്തു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന നിലപാടിലാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ. സെക്രട്ടറി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ 20 ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടു.
ഏറെ പഴക്കമുള്ള മാർക്കറ്റ് കെട്ടിടം പൊളിച്ച് ആധുനിക സജ്ജീകരണങ്ങളോടെ മാലിന്യ സംസ്കരണ പ്ലാന്റ് ഉൾപ്പെടെയുള്ള കെട്ടിടം പണിയുക മാത്രമാണ് പ്രശ്നത്തിനുള്ള ശാശ്വതപരിഹാരം. ഇത് സംബന്ധിച്ച് നഗരസഭാ ഉദ്യോഗസ്ഥരും കൗൺസിലർമാരും വ്യാപാരികളും ചെയർപേഴ്സൺ സീമ കണ്ണന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
മാർക്കറ്റ് പൊളിച്ച് ആധുനിക രീതിയിലുള്ള മാർക്കറ്റ് പണിയാൻ യോഗം തത്വത്തിൽ അംഗീകരിച്ചു. നിലവിൽ മാർക്കറ്റിലുള്ള കടയുടമകൾക്ക് സ്വന്തം ചെലവിൽ പ്രീമിയർ ടയേഴ്സിന് സമീപം തുടങ്ങി ഗുഡ് ഷെഡ് വരെയുള്ള പഴയ ദേശീയപാതയോരത്ത് കെട്ടിടങ്ങൾ പണിയാം.
പുതിയ മാർക്കറ്റ് മന്ദിരം പണി പൂർത്തിയാകുമ്പോൾ ഇപ്പോഴുള്ള വ്യാപാരികൾക്ക് കട മുറികൾ അനുവദിക്കും. നഗരസഭാ കൗൺസിലിന്റെ അനുമതിയോടെയെ ഇക്കാര്യങ്ങൾ നടപ്പിലാക്കുകയുള്ളൂ എന്നും കൗൺസിലിൽ തീരുമാനമായി.