മുളന്തുരുത്തി മേൽപ്പാലം നിർമാണം ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കുന്നു
1338976
Thursday, September 28, 2023 2:15 AM IST
പിറവം: മുളന്തുരുത്തി ചങ്ങോലപാടം റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു.
ഇതുമൂലം മുളന്തുരുത്തി -ചോറ്റാനിക്കര റോഡിലുണ്ടായ ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ജില്ലാ കലക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേർന്നു. തോമസ് ചാഴികാടന് എംപി അധ്യക്ഷത വഹിച്ചു. ഗതാഗത തിരക്ക് കണക്കിലെടുത്ത് അപ്രോച്ച് റോഡ് നിര്‍മാണം അടുത്ത വർഷം മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
മേല്‍പ്പാല നിര്‍മാണ ഭാഗമായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും യോഗത്തില്‍ വിലയിരുത്തി. ശബരിമല തീര്‍ഥാടന കാലം, മുളന്തുരുത്തി പള്ളി പെരുന്നാള്‍, കാഞ്ഞിരമറ്റം പള്ളിയിലെ ചന്ദനക്കുട മഹോത്സവം എന്നിവ നടക്കാനിരിക്കെ ഉണ്ടാകുന്ന അധിക വാഹന തിരക്ക് കണക്കിലെടുത്ത് നിലവിലെ റോഡിലൂടെ ചെറു വാഹനങ്ങള്‍ കടന്നുപോകാനുള്ള ക്രമീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
യോഗത്തില്‍ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ദുര്‍ഗാപ്രസാദ്, ജോര്‍ജ് ചമ്പമല എന്നിവര്‍ പങ്കെടുത്തു.