കീരന്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു
1338971
Thursday, September 28, 2023 2:15 AM IST
കോതമംഗലം: കീരന്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം. ചാരുപ്പാറ, ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചത്.
ചീക്കോട് പെരിയാർ വാലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആനയെ ആദ്യം കണ്ടത്. ചാരുപാറയിൽ കൃഷിയിടവും കുലച്ച ഏത്ത വാഴകളും ആന നശിപ്പിച്ചു. കാട്ടാനയിറങ്ങിയ പ്രദേശങ്ങൾ ആന്റണി ജോണ് എംഎൽഎ സന്ദർശിച്ചു.
രണ്ട് പിടിയാനയും കുട്ടിയാനയും പ്രദേശത്ത് തന്പടിച്ചിരിക്കുന്നതിനാൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കാനും കാടുപിടിച്ച് കിടക്കുന്ന ചീക്കോട് പെരിയാർവാലിയുടെ സ്ഥലത്തെ കാടും പാഴ്മരങ്ങളും അടിയന്തിരമായി വെട്ടി തെളിക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചു.
നാശത്തിന് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗത്തിലാക്കാനും ശ്വാശ്വത പരിഹാരത്തിനായി പെരിയാറിന്റെ കരകളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കി അംഗീകാരത്തിന് സമർപ്പിക്കാനും തീരുമാനിച്ചു.
കീരന്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, കെ.കെ. ദാനി, ബീന റോജോ, വി.സി. ചാക്കോ, സിനി ബിജു, മഞ്ജു സാബു, ഷാന്റി ജോസ്, കെ.എസ്. ജ്യോതികുമാർ, റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.