ബ്ലോക്ക് പഞ്ചായത്ത് ഹാളിന്റെ പേരിൽ തർക്കം ഉമ്മൻചാണ്ടിയുടെ ഫോട്ടോയ്ക്കു മുകളിൽ ടി.എം. മീതിയന്റെ ഫോട്ടോ പതിച്ചു
1338969
Thursday, September 28, 2023 2:15 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉമ്മൻചാണ്ടിയുടെ പേരിനും ഫോട്ടോക്കും മുകളിൽ എൽഡിഎഫ് അംഗങ്ങൾ മുൻ എംഎൽഎ ടി.എം. മീതിയന്റെ പേരും ഫോട്ടോയും പതിച്ചത് വിവാദത്തിൽ.
ഇന്നലെ രാവിലെയാണ് എൽഡിഎഫ് അംഗങ്ങൾ ഹാളിൽ ഉമ്മൻചാണ്ടി എന്ന് എഴുതിയതിന് മുകളിൽ ടി.എം. മീതിയൻ എന്നെഴുതിയ സ്റ്റിക്കറും ഫോട്ടോയും മാറ്റി പതിപ്പിച്ചത്. പണി പൂർത്തിയായ ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാം നിലയിലെ ഹാളിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയാണ്.
പ്രതിപക്ഷാംഗങ്ങളായ കെ.കെ. ഗോപി, അനു വിജയനാഥ്, ആഷ ജയിംസ്, എം.എ. മുഹമ്മദ്, പി.എം. കണ്ണൻ, ജില്ല പഞ്ചായത്തംഗം റഷീദ സലീം, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി എന്നിവരാണ് ഹാളിന്റെ നിലവിലെ പേര് നീക്കം ചെയ്തത്. പ്രതിപക്ഷാംഗങ്ങളുടെ നടപടിക്കെതിരെ ബിഡിഒ പോലീസിൽ പരാതി നൽകി.
ജനാധിപത്യത്തെ ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്ന നടപടിയാണ് നടക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹാളിന് മുൻ മുഖ്യമന്ത്രിയുടെ പേര് നൽകാൻ തീരുമാനിച്ച് ഉദ്ഘാടനം നിശ്ചയിച്ചതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
എന്നാൽ എംഎൽഎ, മന്ത്രി വഴി പഞ്ചായത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ യാതൊരു വിശദീകരണവും ചോദിക്കാതെ ഉദ്ഘാടനം തടയുകയായിരുന്നു.
പ്രിൻസിപ്പൽ ഡയറക്ടറുടെ നോട്ടീസിനെ ചോദ്യം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാർ ഹൈക്കോടതിയെ സമീപിച്ചത് കോടതിയുടെ പരിഗണനയിലാണ്. യഥാർഥത്തിൽ ഇടതുപക്ഷം ആരോപിക്കുന്ന ടി.എം. മീതിയന്റെ പേരിലുള്ള ഹാൾ ഉദ്ഘാടനം ചെയ്തുവെന്ന് പറയുന്നത് 2020 ഒക്ടോബർ 30 നാണ്.
എന്നാൽ ഹാളിന്റെ നിർമാണം ആരംഭിച്ചത് 2020 ഡിസംബർ 28 ലും പണി പൂർത്തിയാക്കിയത് 2022 മെയ് അഞ്ചിനുമാണെന്ന് ജില്ലാ പഞ്ചായത്ത് രേഖകളിലുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. നിർമിക്കാത്ത ഹാൾ ഉദ്ഘാടനം ചെയ്തുവെന്ന് പറയുന്നത് വിചിത്രമാണ്.
നിർമാണം നടത്താതെ ടി.എം. മീതിയന്റെ പേരിൽ ഹാൾ നിർമിച്ച് ഉദ്ഘാടനം ചെയ്തുവെന്ന സിപിഎമ്മിന്റെ വ്യാജ ആരോപണം പൊതു സമൂഹം തിരിച്ചറിയണമെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ് മറികടന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വിവാദ ഹാളിൽ നിരന്തരം പരിപാടികൾ സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പേര് നീക്കം ചെയ്തതെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. 80 ശതമാനം പണി പൂർത്തിയായ ഹാളിന് തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഉദ്ഘാടനം നടത്തിയതായി ജില്ലാ പഞ്ചായത്തംഗം റഷീദ സലിം പറഞ്ഞു.
അവസാന മിനുക്ക് പണികൾക്കായി മൂന്ന് ലക്ഷം മാത്രമാണ് നിലവിലെ ഭരണസമിതി ചെലവഴിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹാളിന് പേര് നൽകാൻ നീക്കം നടത്തിയതായി ഇടതുപക്ഷ അംഗങ്ങൾ വിശദീകരിക്കുന്നു.