ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ചമഞ്ഞ് പണപ്പിരിവ്; പ്രതി പിടിയിൽ
1338964
Thursday, September 28, 2023 2:04 AM IST
കളമശേരി: ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ചമഞ്ഞ് കടകളില്‍നിന്നു പണപ്പിരിവ് നടത്തിയ പ്രതി കളമശേരി പോലീസിന്റെ പിടിയില്‍. പത്തനംതിട്ട കളഞ്ഞൂര്‍ സ്വദേശി മനു മുഹരാജ്(47) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതി കടകളിൽ കയറി പണപ്പിരിവ് നടത്തിയത്. ഇടപ്പള്ളി ടോള്‍ ജംഗ്ഷനടുത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഹോട്ടലില്‍ ഒരു ടാക്സി കാറില്‍ എത്തിയ ഇയാള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തി ഹോട്ടലിലെ പാചകമുറിയും മറ്റും കയറി പരിശോധിച്ചു.
പാചകമുറിയുടെ അവസ്ഥ മോശമാണെന്നും കട പൂട്ടിക്കുമെന്നും ഹോട്ടലുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പണം തന്നാല്‍ പ്രശ്നം അവസാനിപ്പിക്കാമെന്ന് പ്രതി പറഞ്ഞതോടെ ഹോട്ടലുകാര്‍ ഇയാള്‍ക്ക് പണം നൽകുകയായിരുന്നു.
ഇതിനു സമീപത്തുള്ള റോയല്‍ സ്വീറ്റ്സ് ബേക്കറിയില്‍ എത്തിയ ഇയാള്‍ അവിടെയും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ചമയുകയും ഇയാള്‍ വന്ന ടാക്സിയുടെ പണം കൊടുക്കാന്‍ ബേക്കറി ഉടമയോട് ആവശ്യപ്പെടുകയുമായിരുന്നു.
പെരുമാറ്റത്തില്‍ സംശയം തോന്നിയ ബേക്കറി ഉടമ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടു. കള്ളി വെളിച്ചത്താകുമെന്ന് കണ്ട ഇയാള്‍ കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. തട്ടിപ്പിനിരയായ ഹോട്ടലുടമയും ബേക്കറി ഉടമയും പരാതി നൽകിയതോടെ കളമശേരി പോലീസ് ഇന്നലെ ഇയാളെ പത്തനാപുരത്തുവച്ച് പിടികൂടുകയായിരുന്നു.
യുവതിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലും ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.