കളക്ടറേറ്റിൽ മോഷണം പതിവാകുന്നു
1338963
Thursday, September 28, 2023 2:04 AM IST
കാക്കനാട്: ജില്ലാ കളക്ടറേറ്റിൽ വിവിധ ഓഫീസുകളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ട്രീസ തോമസിന്റെ മുറിയിൽനിന്ന് പണമടങ്ങിയ ബാഗ് മോഷണം പോയതാണ് ഇതിൽ ഒടുവിലത്തേത്.
മൂവായിരം രൂപയും ആധാർ, ലൈസൻസ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകളും ബാഗിലുണ്ടായിരുന്നതായി അവർ പറഞ്ഞു.
വില കൂടിയ പുതിയ ലെതർ ബാഗാണ് നഷ്ടമായത്. 26ന് വൈകിട്ട് നാലിനും അഞ്ചിനും ഇടയിയിലുള്ള സമയത്താണ് മോഷണം നടന്നിരിക്കുന്നത്. തൊട്ടടുത്ത മുറിയിൽ ചായ കുടിക്കാൻ പോയ സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നതായി ജീവനക്കാർ പറഞ്ഞു.
വൈകിട്ട് അഞ്ചിന് ഓഫീസിൽനിന്ന് ഇറങ്ങിയപ്പോഴാണ് ബാഗ് മോഷണം പോയ കാര്യം ശ്രദ്ധയിൽപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം ഇതേ രീതിയിൽ ജലസേചന വകുപ്പ്, സാമൂഹിക നീതി വകുപ്പ് ഓഫീസിലും മോഷണം നടന്നതായി ജീവനക്കാർ പറഞ്ഞു.