തീരദേശവാസികളുടെ കുടില്‍കെട്ടി സമരം മൂന്നിന്
1338960
Thursday, September 28, 2023 2:04 AM IST
കൊച്ചി: തീരദേശവാസികൾക്ക് വീട് നിര്‍മാണത്തിന് സഹായകമായ ഭേദഗതികള്‍ കേരള തീരദേശ പരിപാലന അഥോറിറ്റി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സിആര്‍ഇസെഡ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നില്‍ കുടില്‍ കെട്ടി സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2011 ലെ നിയമത്തിലെ രണ്ടാം ഖണ്ഡികയില്‍ വേലിയേറ്റ രേഖയെക്കുറിച്ചുള്ള നിര്‍വചിക്കുന്ന ഭാഗത്താണ് 2020 മേയ് ഒന്നിന് പ്രസിദ്ധീകരിച്ച സുപ്രധാന ഭേദഗതി ഉത്തരവ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇത് പ്രകാരം 1991 ന് മുന്‍പ് സ്ഥാപിക്കപ്പെട്ടിട്ടുള്ള ബണ്ടുകളോ തൂമ്പുകളോ ഉപയോഗിച്ച് വേലിയേറ്റത്തെ തടയുന്ന സംവിധാനങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വേലിയേറ്റ രേഖ കണക്കാക്കേണ്ടത് ബണ്ടുകളുടെയും തൂമ്പുകളുടെയും ലൈനില്‍ ആകണമെന്നാണ്.
ഈ ഭേദഗതിയിലൂടെ തീരദേശത്ത് പൊക്കാളി പാടങ്ങളുടെയും ചെമ്മീന്‍ കെട്ടുകളുടെയും സമീപത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാൻ സാധിക്കും. അതിനാല്‍ തൂമ്പില്‍ നിന്നും ദൂരം അളന്ന് പുതിയ വീടുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുടില്‍കെട്ടി സമരം കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഇ.കെ. സലിഹരന്‍, ബേസില്‍ മൂക്കത്ത്, കെ.എസ്. സലി, വിനോദ്, തിലകന്, ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.