ലഹരിപാനീയം നല്കി മയക്കി യുവജോത്സ്യന്റെ 13 പവനും ഫോണും കവർന്നു
1338959
Thursday, September 28, 2023 2:04 AM IST
കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവ ജോത്സ്യനെ യുവതി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലഹരിപാനീയം കൊടുത്ത് മയക്കി കിടത്തിയശേഷം 13 പവൻ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തു. കഴിഞ്ഞ 24ന് ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയിലായിരുന്നു സംഭവം.
ഹോട്ടല്‍ ജീവനക്കാരാണ് അബോധാവസ്ഥയില്‍ കണ്ട യുവാവിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ബന്ധുക്കളുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുണ്‍ (34) എന്നിവര്‍ക്കായി എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
ഹോട്ടലിലെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ യുവതി മാസ്ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയ നിലയിലാണ്.
ഇത് വീണ്ടെടുത്ത് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പോലീസ്. ‘ആതിര' എന്ന പേരില്‍ ഫേസ്ബുക്കില്‍ വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനായ യുവാവിനോട് പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് കുറഞ്ഞ ദിവസംകൊണ്ട് യുവതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളോട് കൊച്ചിയിലെത്താന്‍ യുവതി ആവശ്യപ്പെട്ടു.
ഇതുപ്രകാരം രാവിലെ സ്വന്തം കാറിലാണ് ഇയാള്‍ എറണാകുളത്തെത്തിയത്. കലൂരില്‍ വച്ച് ആതിരയെ കണ്ടു. തന്റെ അടുത്ത സുഹൃത്തായ അരുണ്‍ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്ക് പോകാമെന്നും ജോത്സ്യനോട് ആതിര പറഞ്ഞു. ഇതോടെ ഇരുവരും കാറില്‍ ഇടപ്പള്ളിയിലെത്തി അരുണിനെ കണ്ടു. ഉച്ചയായതോടെ ഇടപ്പള്ളിയിലെ ഹോട്ടലില്‍ മൂന്നുപേരും ചേര്‍ന്ന് മുറിയെടുത്തു.
ജോത്സ്യനായ യുവാവും ആതിരയും ഭാര്യഭര്‍ത്താക്കന്മാരെന്ന വ്യാജേനെയാണ് മുറിയെടുത്തത്. ഇവിടെ വച്ച് പായസം നല്‍കിയെങ്കിലും ജോത്സ്യന് കഴിച്ചില്ല.
പിന്നീട് യുവതി ലഹരിപാനീയം നല്കി യുവാവിനെ മയക്കുകയായിരുന്നു. ഇയാളുടെ അഞ്ച് പവന്റെ മാല, മൂന്ന് പവന്റെ ബ്രേസ്ലെറ്റ്, മൂന്ന് പവന്റെ മോതിരം എന്നിവയടക്കും 13 പവൻ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് ആതിരയും കൂട്ടാളിയും ചേര്‍ന്ന് കവര്‍ന്നത്.
കവർച്ചയ്ക്കു ശേഷം ഹോട്ടലില്‍ നിന്ന് പുറത്തേക്കറിങ്ങിയ യുവതി ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് പറഞ്ഞു.
വൈകിട്ട് ഇവര്‍ റൂമിലെത്തിയപ്പോഴാണ് യുവാവിനെ അബോധാവസ്ഥയില്‍ കണ്ടത്. കൊച്ചിയിലുള്ള ബന്ധുവിന്റെ സഹായത്തോടെ ജോത്സ്യനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു.