വയോധികനായ ലോട്ടറിക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകള്‍ കവർന്നു
1338958
Thursday, September 28, 2023 2:04 AM IST
അങ്കമാലി: ടൗണിലും പരിസരങ്ങളിലും ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം കഴിക്കുന്ന വയോധികനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി.
ലോട്ടറി വില്പനക്കാരന് എളവൂര്‍ സ്വദേശി പൈലിപ്പാട്ട് വീട്ടില്‍ ദേവസിക്കുട്ടിയുടെ പക്കല്നിന്നുമാണ് ഹെല്‍മറ്റ് ധരിച്ചെത്തിയയാൾ തന്ത്രപൂര്‍വം ടിക്കറ്റുകള്‍ തട്ടിയെടുത്തത്.
ഇന്നലെ രാവിലെ 8.30 ഓടെ എംസി റോഡില്‍ കിഴക്കേ അങ്ങാടി ചേര്‍ക്കോട്ട് കര്ട്ടന് കമ്പനിക്കു സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ ശേഷം വയോധികനോട് ടിക്കറ്റ് ആവശ്യപ്പെട്ട ആൾ ഒരു ടിക്കറ്റിന്റെ പണം നല്‍കുകയും 10 ടിക്കറ്റ് അടങ്ങുന്ന ബുക്ക് പോക്കറ്റിലാക്കി തന്ത്രത്തിൽ കടന്നു കളയുകയുമായിരുന്നു.
ബുധനാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റ് ആണ് തട്ടിയെടുത്തത്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ലെന്ന് ലോട്ടറി വില്പനക്കാരന് ദേവസിക്കുട്ടി പറയുന്നു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് ഇയാൾ.