ബാംബൂ കോര്പറേഷന് നെയ്ത്തു കേന്ദ്രത്തിൽ എത്തിയത് നാല് ലോഡ് ഈറ്റ
1338684
Wednesday, September 27, 2023 2:23 AM IST
പെരുമ്പാവൂര്‍: പ്രവര്‍ത്തനം നിലച്ച് 10 മാസങ്ങള്‍ക്ക് ശേഷം ബാംബൂ കോര്പറേഷന് നെയ്ത്തു കേന്ദ്രത്തിൽ ഈറ്റ എത്തിയെങ്കിലും പരിമിതമായതിനാൽ വിതരണം നടത്താന്‍ സാധിക്കുകയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു മാസം മുമ്പ് പ്രവര്‍ത്തന നടപടികള്‍ ആരംഭിച്ചെങ്കിലും പ്രധാന ഡിപ്പോയായ അങ്കമാലിയില്‍ നാലു ലോഡ് ഈറ്റ മാത്രമാണ് വന്നത്. 15 നെയ്ത്ത് കേന്ദ്രങ്ങളിലും ഡിപ്പോകളിലുമായി രണ്ടായിരത്തോളം കെട്ട് ഈറ്റ വന്നാല്‍ മാത്രമാണ് വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
പൂയംകുട്ടി, വെള്ളാരംകുന്ന് ആദിവാസി മേഖലയിലെ ആദിവാസികളാണ് മുഖ്യമായി ഈറ്റ വെട്ടുന്നത്. ബാങ്കിലൂടെ കൂലി വിതരണം ചെയ്താല്‍ ഈറ്റ വെട്ടുകയില്ലെന്ന് ആദിവാസികള്‍ അറിയിച്ചിരിന്നു. ഈ ഭാഗത്തെ ഏതാനും നാട്ടുകാര്‍ മാത്രമാണ് ഇപ്പോള്‍ ഈറ്റവെട്ടുന്നത്.
ബാങ്കില്‍ അക്കൗണ്ട് പോലുമില്ലാത്ത ആദിവാസികള്‍ക്ക് എല്ലാ ആഴ്ചയിലും കൂലി വിതരണം ചെയ്താല്‍ മാത്രമാണ് ഈറ്റ വെട്ട് സുഗമമായി നടക്കുകയുള്ളൂ. 400 ഓളം ഈറ്റവെട്ട് തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് നൂറുതൊഴിലാളികള് മാത്രമാണ് ഇപ്പോള്‍ ഈറ്റ വെട്ടുന്നത്. ഇതില്‍ പത്തോ ഇരുപതോ നാട്ടുകാരായ തൊഴിലാളികള്‍ മാത്രമാണ് ഈറ്റ വെട്ടാന്‍ ഇറങ്ങിയിരിക്കുന്നത്.
ബാംബൂ കോര്പറേഷന് ഈറ്റ ക്ഷാമം ഉണ്ടെങ്കിലും സ്വകാര്യ ഏജന്‍സികള്‍ പട്ടയ ഭൂമിയുടെ മറവില്‍ ലോഡ് കണക്കിന് ഈറ്റ തമിഴ്നാട്ടിലേക്ക് കടത്തികൊണ്ടിരിക്കുകയാണ്.
സര്‍ക്കാരും ബാംബൂ കോര്പറേഷന് അധികൃതരും അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം കാണമെന്നും ബാംബൂ കോര്പറേഷന് കീഴിലുള്ള മുഴുവന്‍ നെയ്ത്തു കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.