മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് മാലിന്യക്കൂന്പാരം
1338673
Wednesday, September 27, 2023 2:18 AM IST
മൂവാറ്റുപുഴ: ആർഡിഒയുടെ ഉത്തരവ് കാറ്റിൽ പറത്തി മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് മാലിന്യക്കൂന്പാരം. സിവിൽ സ്റ്റേഷൻ പരിസരത്ത് കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ല.
സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലെ മാലിന്യങ്ങളടക്കം അലക്ഷ്യമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിക്കുകയും ചെയ്യുന്നു. മാലിന്യം നിക്ഷേപിക്കുന്നത് പതിവായതിനെ തുടർന്ന് ആർഡിഒ സ്ഥാപിച്ച ബോർഡിന് സമീപമാണ് ഇത്തരമൊരു നിയമ ലംഘനം. മാലിന്യങ്ങൾ കത്തിച്ചാൽ പിഴയീടാക്കുന്ന സർക്കാർ ഉദ്യോഗസ്ഥരാണ് നിയമ ലംഘനം നടത്തുന്നത്.
അനാസ്ഥ തുടരുന്നതിനാൽ ഒറ്റയാൾ സമരത്തിലൂടെ ശ്രദ്ധേയനായ എം.ജെ. ഷാജി മാലിന്യക്കൂന്പാരം നീക്കം ചെയ്തു. സിവിൽ സ്റ്റേഷനിലെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ഒഴിവാക്കുക, ശുചിമുറിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ എഴുതിയ പ്ലക്കാർഡ് കഴുത്തിലണിഞ്ഞാണ് ഓട്ടോ ഡ്രൈവർ കൂടിയായ എം.ജെ. ഷാജി മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യകൂന്പാരം നീക്കം ചെയ്തത്.
പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരെ ആർഡിഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ വ്യത്യസ്തമായ രീതികളിൽ ഒറ്റയാൾ സമരം നടത്തി ഏറെ ശ്രദ്ധനേടിയിട്ടുള്ളയാളാണ് എം.ജെ. ഷാജി.