മാത്യു കുഴൽനാടനുമായി സംവാദം
1338672
Wednesday, September 27, 2023 2:14 AM IST
വാഴക്കുളം: ബദ് ലഹേം ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളുമായി കുഴൽനാടൻ എംഎൽഎ സംവാദം നടത്തി. വാഴക്കുളത്തു നിന്ന് സ്കൂളിലേയ്ക്കുള്ള വഴിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായാണ് വിദ്യാർഥികൾ എംഎൽഎയെ കാണാനെത്തിയത്.
പൗരധർമം, പൊതുസമൂഹം, വനിതാ ബിൽ, മൂവാറ്റുപുഴയിലെ ഗതാഗതകുരുക്ക്, റോബോട്ടിക്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്ന് അർഥവത്തായ ചോദ്യങ്ങളുമായി എംഎൽഎയുമായി സംവാദിക്കാനുള്ള അവസരം കൂടിയായിരുന്നു കൂടിക്കാഴ്ച.
ഡിജിറ്റൽ പുരോഗതിയെക്കുറിച്ച് ചോദിച്ചതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണവും ദോഷവും എംഎൽഎ വിദ്യാർഥികൾക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു. പിന്നീട് സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പേരെഴുതി ഒപ്പിട്ട നിവേദനം സ്കൂൾ പാർലമെന്റ് അംഗങ്ങളും എസ്എസ്എൽസി വിദ്യാർഥികളും ചേർന്ന് എംഎൽഎയ്ക്ക് കൈമാറി.
ഇതോടൊപ്പം വർഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്ന ആയവന - കോട്ടക്കവല റോഡിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേയ്ക്ക് എത്തുന്നവരുടെ ബുദ്ധിമുട്ടുകളും കുട്ടികൾ എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തി.
സ്കൂൾ പ്രിൻസിപ്പൽ ജോബിത്ത് എബ്രഹാം, പിആർഒ ജോയ്സ് മേരി ആന്റണി, അഡ്മിനിസ്ട്രേറ്റർ സജി തോമസ്, അധ്യാപകർ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.