യാത്രക്കാരന് ദേഹാസ്വാസ്ഥ്യം കെഎസ്ആർടിസി ബസ് ആശുപത്രിയിലേക്കു വിട്ടു
1338671
Wednesday, September 27, 2023 2:14 AM IST
മൂവാറ്റുപുഴ: ബസ് യാത്രയ്ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബസ് തിരികെ സഞ്ചരിച്ച് ആശുപത്രിയിലെത്തിച്ചു. ബസിലുണ്ടായ വനിത ഡോക്ടർ പ്രാഥമിക ശുശ്രൂഷ നൽകിയത് യുവാവിന് ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കി.
മൂവാറ്റുപുഴയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോയ കെഎസ്ആർടിസി ബസ് രാവിലെ 9.30 ഓടെ കടാതിയിലെത്തിയപ്പോഴാണ് പുത്തൻകുരിശ് സ്വദേശിയായ അശ്വിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഉടനേ ബസിലുണ്ടായിരുന്ന തൊടുപുഴ സെന്റ്. മേരീസ് ആശുപത്രിയിലെ ഡോ. അപർണ പ്രാഥമിക ശുശ്രൂഷ നൽകി. ഇതിനിടെ കണ്ടക്ടർ പി.പി. തങ്കച്ചനോടും ഡ്രൈവർ ജോബി വി. മാത്യുവിനോടും വിവരം ധരിപ്പിച്ചു.
ഉടൻ ബസ് തിരിച്ച് മൂവാറ്റുപുഴ നെടുംഞ്ചാലിൽ ട്രസ്റ്റ് ആശുപത്രിയിലേയ്ക്ക് ആംബുലൻസായി പാഞ്ഞു. ദേഹാസ്വസ്ഥ്യമുണ്ടായ യുവാവിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചശേഷം യാത്രക്കാരുമായി ബസ് യാത്ര തുടർന്നു. ചികിത്സയിൽ തുടരുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡോ. അപർണയുടെയും ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്.