ജെഫിന്റെ കൊലപാതകം: സാമ്പത്തിക തര്‍ക്കത്തെ തുടർന്നുള്ള പക മൂലം
1338669
Wednesday, September 27, 2023 2:14 AM IST
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയത് സാമ്പത്തിക തര്‍ക്കം മൂലമുണ്ടായ പകയെത്തുടര്‍ന്ന്. ജെഫും കേസിലെ മുഖ്യപ്രതി അനില്‍ ചാക്കോയും സാമ്പത്തിക വിഷയത്തില്‍ തര്‍ക്കം നിലനിന്നിരുന്നു.
ഇതേത്തുടര്‍ന്നുള്ള പക അനിലിന്റഎ മനസിലുണ്ടായിരുന്നു. കൊലപാതകം ആസൂത്രിതമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതകത്തിനുശേഷം പ്രതികള്‍ രണ്ട് സംഘമായാണ് കടന്നുകളഞ്ഞതെന്നും പോലീസ് കണ്ടെത്തി.
ജെഫിനെ കൊലപ്പെടുത്താന്‍ അനില്‍ കേസില്‍ അറസ്റ്റിലായിട്ടുള്ള സ്റ്റെഫിന് തോമസ്, ടി.വി. വിഷ്ണു എന്നിവരുടെ സഹായമാണ് ആദ്യം തേടിയത്. പിന്നീട് വിഷ്ണുവിന്റഎ സുഹൃത്തുക്കളായ രണ്ട് തമിഴ്നാട് സ്വദേശികളെയും പ്രതികള്‍ കൂടെക്കൂട്ടുകയായിരുന്നു.
ജെഫ് കാണാതായ മാസം ഗോവയില്‍ കൊലപാതകം നടന്നിട്ടുണ്ടെന്നും ഇവിടെ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായുമുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി എറണാകുളം സൗത്ത് സിഐ ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ കൊച്ചിയില്‍ തിരിച്ചെത്തി.
പ്രതികളായ അനില്‍ ചക്കോ, ടി.വി. വിഷ്ണു(25) എന്നിവരെയാണ് തെളിവെടുപ്പിന് ഗോവയിലെത്തിച്ചത്. പ്രതികളിലൊരാളായ സ്റ്റൈഫിന്‍ തോമസിനെ ശാരീരിക അസ്വാസ്ഥ്യം മൂലം തെളിവെടുപ്പിന് കൊണ്ടുപോയിരുന്നില്ല.