പുനരധിവാസ കാര്യത്തിൽ ആശയക്കുഴപ്പം മുണ്ടംവേലിയിലെ ഫ്ലാറ്റിനായി കൂടുതല്‍പ്പേര്‍ രംഗത്ത്
1338668
Wednesday, September 27, 2023 2:14 AM IST
കൊച്ചി: മുണ്ടംവേലിയിലെ ഫ്ലാറ്റിനായി കടവന്ത്ര പി ആന്‍ഡ് ടി കോളിനിയിലെ കൂടുതല്‍ പേര് രംഗത്തെത്തിയതോടെ പുനരധിവാസ കാര്യത്തില്‍ ആശയക്കുഴപ്പം. കോളനി നിവാസികളായ 82പേരെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്.
അംഗീകൃത ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും 2021 ഓഗസ്റ്റ് 17ന് നടന്ന കൗണ്‍സില്‍യോഗം അംഗീകരിച്ചതുമായ 82പേര് ഉള്‍പ്പെട്ട ലിസ്റ്റില്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 74പേര് കോളനിയില്‍ താമസിക്കുന്നതായി സ്ഥിരീകരിച്ചിരുന്നു ഇവര്‍ക്കെല്ലാം മുണ്ടംവേലിയില്‍ ഫ്ലാറ്റ് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ഏഴു ഫ്ലാറ്റുകളെ ചൊല്ലിയാണ് നിലവില്‍ തര്‍ക്കം.
അതേസമയം മുന്‍ യുഡിഎഫ് സമിതി 2018 ല്‍ തയാറാക്കിയ പട്ടികയില്‍ നിന്നുള്ള 74 പേരെ കഴിയുന്നത്ര വേഗത്തില്‍ മുണ്ടംവേലിയിലെ പുതിയ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിക്കുമെന്ന് മേയര്‍ പറഞ്ഞു. ആളുകള്‍ താമസം മാറിയാലുടന്‍ കനാല്‍ തീരത്തെ നിലവിലുള്ള വീടുകള്‍ പൊളിച്ചുകളയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോളനിയിലെ വീട് വാടകയ്ക്ക് കൊടുത്ത് മറ്റ് ഇടങ്ങളിലേക്ക് മാറി താമസിച്ചവരും, മരിച്ചു പോയ അച്ഛന്റെ പേരിലുള്ള വീടിനു വേണ്ടി മക്കളുമൊക്കെയാണ് രംഗത്തുള്ളത്. ഇതിനുപുറമേ നിലവിലുള്ള വാടകക്കാരും ഫ്ലാറ്റിന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നതിന് ക്ഷേമകാര്യ സമിതിയെ കൗണ്‍സില്‍ ചുമതലപ്പെടുത്തി. സ്ഥിതിഗതികള്‍ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അര്‍ഹരായ വീട്ടുടമകളെ കണ്ടെത്താനാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
82 ഫ്ലാറ്റുകളില്‍ ഒരെണ്ണം കഴിഞ്ഞ മാര്‍ച്ച് രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലിജേഷ് എന്ന വ്യക്തിക്ക് കൈമാറും. ആദ്യ പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന പി ആന്‍ഡ് ടി കോളനി നിവാസിയും എസ്എംഎ ബാധിതനുമായ അനന്തു എന്ന കുട്ടിയ്ക്ക് ഫ്ലാറ്റ് നല്‍കുന്നതിനും കൗണ്‍സില്‍ അനുമതി നല്കി.
മുണ്ടംവേലിക്ക് സമീപമുള്ള നിര്‍ധന കുടുംബത്തിന് ഫ്ലാറ്റ് നല്‍കണമെന്ന കൗണ്‍സിലര്‍ കലിസ്റ്റ പ്രകാശന്റെ അഭ്യർഥനയും പരിഗണിക്കും.