നിറ്റാ ജലാറ്റിന്‍ ഫാക്ടറിയിലെ സ്ഫോടനം സുരക്ഷാവീഴ്ചയില്ലെന്ന് അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട്
1338665
Wednesday, September 27, 2023 2:14 AM IST
കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനിയുടെ കാക്കനാട്ടെ ഫാക്ടറിയില്‍ കഴിഞ്ഞ 19ന് ഉണ്ടായ സ്ഫോടനം, ഉപയോഗിച്ച പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ സൂക്ഷിക്കുന്ന സ്ക്രാപ്പ് യാര്ഡിലാണെന്ന് ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി.
എന്നാല്‍ നിലവില്‍ ലഭ്യമായിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഫോടനകാരണം വ്യക്തമായി സ്ഥാപിക്കാന്‍ കഴിയില്ലെന്നും സമിതി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് അടക്കം ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കമ്പനിക്ക് പുറത്തു നിന്നുള്ള ഒരു വിദഗ്ധന്‍ ഉള്‍പ്പെടുന്ന അന്വേഷണ സമിതി സ്ഫോടനം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും സംസാരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
അതേസമയം, സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സിയിലായിരുന്ന നാലു ജീവനക്കാരില്‍ രണ്ട് പേര് ആശുപത്രി വിട്ടു. രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും കമ്പനിവ്യക്തമാക്കി.