പാർക്കിംഗ് സൗകര്യമില്ല; ഗതാഗതക്കുരുക്ക് രൂക്ഷം
1338393
Tuesday, September 26, 2023 12:52 AM IST
വൈപ്പിൻ: വൈപ്പിൻ ജലമെട്രോ സ്റ്റേഷനിൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കാത്തതിനാൽ ഫോർട്ടു വൈപ്പിൻ ജങ്കാർ ജെട്ടിയിലും സംസ്ഥാന പാതയിലും ഗതാഗതക്കുരുക്ക് രൂക്ഷം. ജലമെട്രോ സ്റ്റേഷനിൽ എത്തുന്നവരുടെ വാഹനങ്ങൾ ജങ്കാർ ജെട്ടി പരിസരത്തും റോഡരികിലുമാണ് പാർക്ക് ചെയ്യുന്നതെന്ന് പരിസരവാസികൾ പറയുന്നു. ഇതുമൂലം ജങ്കാറിൽ കയറാനും ജങ്കാറിൽനിന്ന് ഇറങ്ങാനുമുള്ള വാഹനങ്ങൾ ഏറെ കഷ്ടപ്പെടുകയാണ്.
അതേസമയം വൈപ്പിൻ ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗം ജലമെട്രോ സ്റ്റേഷനിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരുക്കിയിട്ടുണ്ടെങ്കിലും പണികൾ ഇതുവരെ പൂർത്തിയായട്ടില്ല. ഇവിടെ ഇപ്പോൾ കൊച്ചിൻ കോർപറേഷൻ മറ്റു വാഹനളുടെ പാർക്കിംഗിനായി സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്ത് കൊടുത്തിരിക്കുകയുമാണ്.
ജങ്കാർ ജെട്ടിയിലെയും സംസ്ഥാന പാതയിലെയും ഗതാഗതക്കുരുക്ക് മുന്നിൽകണ്ട് പൊതുപ്രവർത്തകനായ ജോണി വൈപ്പിൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.