സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് രണ്ട് വില്ലകൾക്ക് നാശം
1338392
Tuesday, September 26, 2023 12:52 AM IST
കിഴക്കമ്പലം: പള്ളിക്കര ചിറ്റനാട്ടിലെ മേയ്സൺ ഡീലക്സ് വില്ലയുടെ അരികിലായി നിർമിച്ചിട്ടുള്ള ഇരുപതടിയോളം ഉയരത്തിലുള്ള സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് രണ്ട് വില്ലകൾക്ക് നാശം സംഭവിച്ചു. ബിജു മാത്യു, ശ്രീകുമാർ എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. വീടിന്റെ ജനലുകളും വാതിലുകളും തകർന്നു. വാട്ടർ ടാങ്ക് പൊട്ടി.
വില്ലകളിലേക്കുള്ള പ്രധാന കുടിവെള്ള പൈപ്പ് ലൈൻ തകർന്നു. മണ്ണും കോൺക്രീറ്റും ഇടിഞ്ഞു വീണതിനാൽ വീടിനരികിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ഉറപ്പില്ലാത്ത കുമ്മായ മണ്ണെന്ന് വിശേഷിപ്പിക്കുന്ന വെള്ള മണ്ണിനു മുകളിലാണ് കോൺക്രീറ്റ് ഉയരത്തിൽ പൊക്കി സംരക്ഷണ മതിൽ പണിതിരുന്നത്.
സമീപത്ത് സ്വകാര്യ കമ്പനി തട്ടുതട്ടായി ഭൂമി നിരപ്പാക്കി കെട്ടിടങ്ങളുടെ നിർമാണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് മണ്ണ് ഇടിയുന്നത് കണ്ടതിനെതുടർന്ന് വില്ലയിലെ താമസക്കാർ മണ്ണിടിഞ്ഞ വിവരം സമീപ സ്ഥലത്ത് നിർമാണം നടത്തുന്നവരെ അറിയിച്ചിരുന്നു. അതിനിടെയാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് സംരക്ഷണഭിത്തി ഇടിഞ്ഞു വീഴുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് വില്ലകളിലെ താമസക്കാരെ മാറ്റി പാർപ്പിക്കേണ്ട സ്ഥിതിയുണ്ട്. സംരക്ഷണ ഭിത്തി പുനർ നിർമിക്കണമെന്ന് വില്ലയിലെ താമസക്കാർ പറഞ്ഞു. പഞ്ചായത്തിലും കുന്നത്തുനാട് പോലീസിലും പരാതി നൽകി. പരാതിയെതുടർന്ന് കുന്നത്തുനാട് പഞ്ചായത്ത് കെട്ടിട നിർമാണം നിർത്തിവയ്ക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.