കൈയേറി നിർമിച്ച ഹോട്ടൽ പൊളിച്ചു മാറ്റാൻ നോട്ടീസ്
1338390
Tuesday, September 26, 2023 12:51 AM IST
കരുമാലൂർ: കരുമാലൂരിലെ പാടശേഖരവും തോടും കൈയേറി നിർമിച്ച അനധികൃത ഹോട്ടൽ പൊളിച്ചു മാറ്റാൻ ഉടമയ്ക്ക് കരുമാലൂർ പഞ്ചായത്ത് നോട്ടീസ് നൽകി. സ്ഥലമുടമ കൊടുങ്ങല്ലൂർ സ്വദേശി സാജു ജോസഫിനെ പഞ്ചായത്തിൽ വിളിച്ചു വരുത്തിയാണു പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിയത്.
കരുമാലൂർ ഷാപ്പുപടിയിൽ പാടശേഖരത്തോടു ചേർന്നുള്ള സാജുവിന്റെ വീടും സ്ഥലവും കുറച്ചു നാളുകളായി ഈ വീട് വാടകയ്ക്ക് നൽകിയിട്ടുള്ളതാണ്. സമീപത്തെ നിലമായി കിടക്കുന്ന സ്ഥലവും തോടും തന്റെ അനുവാദം ഇല്ലാതെയാണു വാടകയ്ക്ക് എടുത്ത വ്യക്തി നികത്തി ഹോട്ടൽ നിർമിച്ചിരിക്കുന്നതെന്നും വാടകയ്ക്കു നൽകിയത് വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടമല്ലെന്നും സ്ഥലമുടമ പറഞ്ഞു.
പാടശേഖരത്തിന്റെ ഒരു വശം മണ്ണിട്ടു നികത്തിയാണ് ഹോട്ടൽ നിർമിച്ചിരിക്കുന്നത്. ഇതിലൂടെ നെൽക്കർഷകർക്ക് കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നതിന് കർഷകർ ഉണ്ടാക്കിയ തോടിന്റെ ഗതിമാറ്റി വിടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇതേ ഹോട്ടലിൽനിന്ന് ഒരു ലോഡ് ഭക്ഷണാവശിഷ്ടം സമീപത്തെ കൃഷിയിടത്തിലേക്കു തള്ളിയ സംഭവവും ഉണ്ടായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി മാലിന്യം തിരികെ കോരിച്ചിരുന്നു.
മുഖ്യമന്ത്രിക്കും കളക്ടർക്കും ഉൾപ്പെടെ പലരും പരാതി നൽകിയതോടെയാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. 15 ദിവസത്തിനകം അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിച്ചു മാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്ന് പഞ്ചായത്ത് നൽകിയ നോട്ടീസിൽ പറയുന്നു. എത്രയും വേഗം കൈയേറ്റം ഒഴിപ്പിക്കാമെന്നു സ്ഥലമുടമ ഉറപ്പു നൽകിയതായി കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി പറഞ്ഞു.