തെങ്ങിൽ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി
1338387
Tuesday, September 26, 2023 12:51 AM IST
മുളന്തുരുത്തി: തെങ്ങിൽ കയറുന്നതിനിടെ ബോധരഹിതനായി കുടുങ്ങിയയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. എടയ്ക്കാട്ടുവയൽ 12-ാം വാർഡിൽ അയർക്കുന്നത്തിന് സമീപം സുരഭി വീട്ടിൽ മുരളീധരന്റെ വീട്ടുമുറ്റത്തുള്ള തെങ്ങിൽ കയറിയ പുത്തൻപറമ്പിൽ ജോസ് ജെ. ആൻഡ്രൂസാണ് തെങ്ങിൽ കുടുങ്ങിയത്. തിങ്കളാഴ്ച്ച രാവിലെ 11.20ഓടെ ആദ്യ തെങ്ങിൽ കയറിയ ഉടനെ ഇയാൾ ബോധരഹിതനാകുകയായിരുന്നു.
അപകടം കണ്ട സമീപവാസികളായ കളങ്ങോടിൽ രാജേഷും കുറ്റിക്കാട്ടിൽ ബെന്നിയും ചേർന്ന് തെങ്ങിൽ പെട്ടെന്ന് കയറി അരമണിക്കൂറിലധികം സമയം താങ്ങിനിർത്തി. വിവരമറിഞ്ഞ് മുളന്തുരുത്തി ഫയർ സ്റ്റേഷനിൽനിന്ന് എത്തിച്ചേർന്ന അഗ്നിരക്ഷാസേന എക്സ്റ്റൻഷൻ ലാഡർ, റോപ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് തെങ്ങിൽ കുടുങ്ങിയ ആളെ സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
മുളന്തുരുത്തി ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.പി. സുനിൽ, എസ്. രഞ്ജിത്ത്, അനീഷ്, വി.ആർ. വിഷ്ണു, വി.യു. ഉദ്ദേഷ്, അഖിൽ കുമാർ, അർജുൻ, കെ.ജി. ഹരിക്കുട്ടൻ, ജേക്കബ് കുഞ്ഞുമോൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.